എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 1 മുതല്‍, 'യൂണിഫൈഡ് എക്‌സാമിനേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം' വഴിയാണ് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുക
തിരുവനന്തപുരം: കേരളത്തിലെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു.
എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 1 മുതല്‍ 30 വരെയാണ് നടക്കുക. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് 2ന് ആരംഭിച്ച് 30ന് അവസാനിക്കും.
എസ് എസ് എല്‍ സി മാതൃകാ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. പ്രധാന പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 5 മുതല്‍ 27 വരെ നടക്കും. മെയ് ആദ്യവാരം എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.എസ് എസ് എല്‍ സി പരീക്ഷാ രജിസ്‌ട്രേഷന്‍ നവംബര്‍ 18ന് ആരംഭിക്കും.
പുതിയ പരീക്ഷാ സോഫ്റ്റ്വെയറായ 'യൂണിഫൈഡ് എക്‌സാമിനേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം' വഴിയാണ് ഇത്തവണ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുക.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ നടക്കും. ഡിസംബര്‍ 18ന് ക്രിസ്മസ് അവധിക്കായി അടയ്ക്കുന്ന സ്‌കൂളുകള്‍ ഡിസംബര്‍ 28ന് തുറക്കും.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 25ന് ആരംഭിക്കും. രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകള്‍ ജനുവരി 15ന് തുടങ്ങും