നീന്തല്‍ മത്സരജേതാവായ പെണ്‍കുട്ടിക്ക് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സമ്മാനം നല്‍കുന്നതില്‍ പ്രതിഷേധിച്ച് രക്ഷിതാവ്
കോഴിക്കോട്: നീന്തല്‍ മത്സരജേതാവായ പെണ്‍കുട്ടിക്ക് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സമ്മാനം നല്‍കുന്നതില്‍ പ്രതിഷേധിച്ച് രക്ഷിതാവ്. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോര്‍ട്സ് കോംപ്ലക്സിലായിരുന്നു സംഭവം.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇതാണ് പെണ്‍കുട്ടിയുടെ രക്ഷിതാവ് പ്രതിഷേധിക്കാന്‍ കാരണം. നീന്തല്‍ മത്സരത്തില്‍ വിജയിയായ മകള്‍ക്ക് ശ്രീറാം വെങ്കിട്ടരാമന്‍ സമ്മാനം നല്‍കുന്നതിനെ പിതാവ് പരസ്യമായി എതിര്‍ക്കുകയായിരുന്നു.
'കൊലയാളി ശ്രീറാം വെങ്കിട്ടരാമന്‍ കൊടുക്കണ്ട. കൊലയാളി കൊടുക്കണ്ട. എന്റെ മോള്‍ക്ക് കൊടുക്കണ്ട, കൊലയാളി വേണ്ട..., എന്നിങ്ങനെ ഇദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
അതേസമയം, അങ്ങനെ പറയരുതെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നതും കേള്‍ക്കാം. എന്നാല്‍ പിതാവ് തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ, കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാണ് കുട്ടിക്ക് സമ്മാനം നല്‍കിയത്.
കുട്ടികളുടെ നീന്തല്‍ മത്സരത്തിന് പുറമെ ട്രയാത്‌ലോണ്‍ മത്സരവും ഇവിടെ നടന്നിരുന്നു. ഇതില്‍ മത്സരാര്‍ഥിയായി പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയത്. ഇതിനിടെ മത്സരവിജയികളായ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യാന്‍ സംഘാടകര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.