ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കി അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ലങ്കന്‍ ജനത
കൊളംബോ: 2025 നവംബര്‍ അവസാനം വീശിയ 'ഡിത്വ' ചുഴലിക്കാറ്റിന്റ ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങള്‍.
തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഒരു ലക്ഷത്തോളമാളുകള്‍ ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തില്‍, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കി അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ലങ്കന്‍ ജനത.
ക്രിസ്മസ് ദിനത്തിലും ഏകദേശം 86,000 ആളുകള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളിലാണ് കഴിഞ്ഞിരുന്നത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ നെഗോംബോ പോലുള്ള തീരദേശ നഗരങ്ങളില്‍ ക്രിസ്മസിന്റെ പുതുവത്സരത്തിന്റെയോ ആഘോഷങ്ങളുടെ അടയാളങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
ആഘോഷങ്ങള്‍ക്കായി ചിലവഴിക്കുന്ന തുക ദുരിതബാധിതരെ സഹായിക്കാനായി വിനിയോഗിക്കണമെന്ന കൊളംബോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെയും ബിഷപ് ഹരോള്‍ഡ് ആന്റണി പെരേരയുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രാജ്യത്തെ പല ദൈവാലയങ്ങളിലും കരോള്‍ പരിപാടികളും ക്രിസ്മസ് വിരുന്നുകളും റദ്ദാക്കി, പണം ദുരിതബാധിതര്‍ക്ക് കൈമാറി.
2004-ലെ സുനാമിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായാണ് ഡിത്വ ചുഴലിക്കാറ്റിനെ വിലയിരുത്തുന്നത്.
ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും 600-ലധികം ജീവനുകള്‍ നഷ്ടമാവുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.
ദുരന്തത്തില്‍ ഏകദേശം 6,225 വീടുകള്‍ പൂര്‍ണമായും 87,000-ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.
ഏതായാലും ബുദ്ധമതക്കാരും മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരേ മനസോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന കാഴ്ചക്കാണ് ശ്രീലങ്ക കഴിഞ്ഞ മാസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. പള്ളികളും ക്ഷേത്രങ്ങളും പള്ളികളും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയിരുന്നു.