ക്രിസ്തുവിന്റെ 'സദ്വാര്‍ത്ത' നിങ്ങളുടെ സുഹൃത്തുക്കളിലേക്കും സ്‌നേഹിതരിലേക്കും എത്തിക്കുവിന്‍
'ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്' (ലൂക്കാ 1:79).
ദൈവീകസന്തോഷം അറിഞ്ഞിട്ടില്ലാത്തവര്‍ എത്രയോ പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്! അവര്‍ ശൂന്യതയില്‍ ജീവിക്കുകയും നിരാശയുടെ പാതയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. അവര്‍ ഇരുളിലും മരണത്തിന്റെ നിഴലിലും നടക്കുന്നു.
ഇവരെ ഭൂമിയുടെ വിദൂരമായ അതിരുകളില്‍ അന്വേഷിക്കേണ്ടതില്ല. അവര്‍ നമ്മുടെ അയല്‍പക്കത്താണ് ജീവിക്കുന്നത്; നമ്മുടെ വഴികളിലൂടെയാണ് നടന്നുപോകുന്നത്; അവര്‍ നമ്മുടെ കുടുംബാംഗങ്ങള്‍ പോലുമായിരിക്കാം.
അവര്‍ ആശയറ്റവരായതിനാല്‍, യഥാര്‍ത്ഥ സന്തോഷമില്ലാതെ കഴിയുന്നു. യേശുക്രിസ്തുവിന്റെ 'സദ്വാര്‍ത്ത' ഒരിക്കലും കേട്ടിട്ടില്ലാതെ അവര്‍ നമ്മുടെ അയല്‍പക്കങ്ങളില്‍ പാര്‍ക്കുന്നു.
പ്രത്യാശയുടെ സന്ദേശവാഹകരായി, നാം അവരുടെ അടുത്തേക്ക് പോകണം. യഥാര്‍ത്ഥ സന്തോഷത്തിന്റെ സാക്ഷ്യം അവര്‍ക്ക് എത്തിച്ചുകൊടുക്കണം. നീതി നിറഞ്ഞ ഒരു സമൂഹത്തിനുവേണ്ടിയും അവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു നഗരത്തിനുവേണ്ടി പോരാടുമെന്നുള്ള ഉറപ്പ് അവര്‍ക്ക് വാഗ്ദാനം ചെയ്യണം.
സന്തോഷത്തിന്റെ സന്ദേശവാഹകരായിരിക്കുവിന്‍. നീതിക്കുവേണ്ടിയുള്ള യഥാര്‍ത്ഥ വേലക്കാരായിരിക്കുവിന്‍! ക്രിസ്തുവിന്റെ 'സദ്വാര്‍ത്ത' നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്ന് പ്രസരിക്കുമാറാകട്ടെ! അവന് മാത്രം നല്‍കാന്‍ കഴിയുന്ന സമാധാനം നിങ്ങളുടെ ആത്മാവില്‍ എന്നേക്കും വസിക്കുമാറാകട്ടെ!
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ന്യൂയോര്‍ക്ക്, 2.10.79)