ആലപ്പുഴയിൽ മുണ്ടിനീര് വ്യാപനം; സ്കൂൾ അടച്ചു; രക്ഷിതാക്കൾ ജാഗ്രത പാലിക്കുക
ആലപ്പുഴ ജില്ലയിലെ തുമ്പോളി എസ്.എൻ.വി.എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് രോഗം പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്. സ്കൂളിലെ എട്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പത്ത് ദിവസത്തേക്ക് സ്കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കുന്ന പക്ഷം അവധി 21 ദിവസം വരെ നീട്ടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ജില്ലയുടെ തെക്കൻ മേഖലയിൽ മുണ്ടിനീര് പടർന്നപ്പോൾ 38 വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഇത്തവണ നേരത്തെ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
പാരമിക്സോ വൈറസ് മൂലമാണ് ഈ രോഗം പകരുന്നത്. രോഗമുള്ള വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെയും ഉമിനീരിലൂടെയും വായുവിലൂടെയുമാണ് വൈറസ് മറ്റുള്ളവരിലേക്ക് എത്തുന്നത്. രോഗബാധിതരുമായി അടുത്തിടപഴകുന്നതും അവർ ഉപയോഗിക്കുന്ന വസ്തുക്കൾ പങ്കുവെക്കുന്നതും രോഗം പകരാൻ കാരണമാകും. കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും മുതിർന്നവരിലും ഇത് വരാം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലായി ഉണ്ടാകുന്ന വീക്കവും വേദനയുമാണ് പ്രധാന ലക്ഷണം. ഒപ്പം ചെറിയ പനി, തലവേദന, ഭക്ഷണം കഴിക്കാൻ പ്രയാസം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും.
രോഗത്തെ നിസ്സാരമായി കാണുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ തലച്ചോറ്, ആഗ്നേയഗ്രന്ഥി, വൃഷണം, അണ്ഡാശയം തുടങ്ങിയ അവയവങ്ങളെ രോഗം ബാധിക്കാനും കേൾവി തകരാറുകൾക്കും ഭാവിയിൽ പ്രത്യുത്പാദനപരമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന ഗുരുതരാവസ്ഥയിലേക്ക് വരെ കാര്യങ്ങൾ നീങ്ങാം. അതിനാൽ രോഗം ഭേദമാകുന്നതുവരെ കുട്ടികളെ പൂർണ്ണമായും വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. രോഗികളായ കുട്ടികളെ ഒരു കാരണവശാലും സ്കൂളിൽ വിടരുത്. അവർ ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് കർശനമായി നിർദേശിക്കുന്നു.