യൂട്യൂബ് വീഡിയോയിലൂടെ വിശ്വാസം പ്രചരിപ്പിച്ചു; ഈജിപ്തിൽ ക്രൈസ്തവ യുവാവിന് അഞ്ച് വർഷം കഠിനതടവ്

 
Youtube

യൂട്യൂബ് ചാനലിലൂടെ ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് ഈജിപ്ഷ്യൻ അധികൃതർ കോപ്റ്റിക് ക്രൈസ്തവ യുവാവിന് അഞ്ച് വർഷത്തെ കഠിനതടവ് വിധിച്ചു. അഗസ്റ്റിനോസ് സമൻ എന്ന യുവാവിനെതിരെയാണ് ഈജിപ്ഷ്യൻ കോടതി കടുത്ത ശിക്ഷാവിധി പുറപ്പെടുവിച്ചത്. മതനിന്ദാ നിയമങ്ങൾ ഉദ്ധരിച്ചാണ് നടപടിയെങ്കിലും ഇത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

ലക്ഷത്തിലധികം വരിക്കാരുള്ള തന്റെ യൂട്യൂബ് ചാനലിലൂടെ ക്രൈസ്തവ വിശ്വാസത്തെ സാധൂകരിക്കുന്ന വീഡിയോകൾ പ്രസിദ്ധീകരിച്ചതിനാണ് അഗസ്റ്റിനോസ് സമനെതിരെ കേസെടുത്തത്. 2025 ഒക്ടോബറിലായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ്.


അഗസ്റ്റിനോസിനെതിരെയുള്ള വിചാരണ നടപടികളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി മനുഷ്യാവകാശ സംഘടനയായ എഡിഎഫ് ഇന്റർനാഷണൽ (ADF International) ചൂണ്ടിക്കാട്ടുന്നു. 2025 ഡിസംബർ 27-ന് നടന്ന വാദം കേൾക്കലിൽ പ്രതിഭാഗം അഭിഭാഷകരെ അറിയിക്കുക പോലും ചെയ്തിരുന്നില്ല. കൂടാതെ, കേസ് ഫയലുകൾ പരിശോധിക്കുന്നതിൽ നിന്ന് അഭിഭാഷകരെ വിലക്കിയതായും റിപ്പോർട്ടുകളുണ്ട്. 2026 ജനുവരി മൂന്നിന് പുറപ്പെടുവിച്ച വിധി അപ്പീൽ കോടതിയും ശരിവച്ചതോടെയാണ് അഗസ്റ്റിനോസിന്റെ ജയിൽവാസം ഉറപ്പായത്. നിലവിൽ എഡിഎഫ് ഇന്റർനാഷണലിന്റെ പിന്തുണയോടെ മറ്റൊരു അപ്പീൽ കൂടി ഫയൽ ചെയ്തിട്ടുണ്ട്.

അഗസ്റ്റിനോസിന്റെ കേസ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് എഡിഎഫ് ഇന്റർനാഷണലിന്റെ ആഗോള മതസ്വാതന്ത്ര്യ ഡയറക്ടർ കെൽസി സോർസി പറഞ്ഞു. 2025 ഓഗസ്റ്റ് മുതൽ മതപരമായ ഉള്ളടക്കങ്ങൾ പങ്കുവച്ചതിന്റെ പേരിൽ ഈജിപ്തിൽ നിരവധി പേരെയാണ് ഭരണകൂടം നിരീക്ഷിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നത്. സോഷ്യൽ മീഡിയയിലെ മതപരമായ അഭിപ്രായപ്രകടനങ്ങൾ ക്രിമിനൽ കുറ്റമാക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.

ഈജിപ്ഷ്യൻ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, ജനസംഖ്യയുടെ 10 മുതൽ 15 ശതമാനം വരെ വരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ഇത് പലപ്പോഴും നിഷേധിക്കപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്.

Tags

Share this story

From Around the Web