ഗ്രാമങ്ങളില്‍ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

തിരുവനന്തപുരം:സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ കായിക മേഖലയുടെ വളര്‍ച്ചക്കാവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തെ ഏറ്റവും വിദൂരവും പിന്നോക്കം നില്‍ക്കുന്നതുമായ പ്രദേശങ്ങളില്‍ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി സ്‌കൂള്‍ തലം മുതല്‍ ഒളിമ്പിക്സ് വരെ എത്തുന്നതിനുള്ള സമ്പുര്‍ണ്ണ കായിക പദ്ധതികള്‍ കേന്ദ്രം നടപ്പാക്കുമെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ കായിക നയം നടപ്പിലാകുന്നതോടെ വിദൂര പ്രദേശങ്ങളില്‍ പോലും കായിക വിനോദങ്ങള്‍ സംഘടിപ്പിക്കപ്പെടും. രാജ്യ വികസനത്തില്‍ കായിക വിനോദങ്ങള്‍ക്കും അതിന്റേതായ പങ്ക് വഹിക്കാനുണ്ടെന്നും കായിക ലോകത്തിന്റെ സമഗ്ര വികസനത്തിനായി ശ്രമങ്ങള്‍ നടത്തുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുടനീളം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും അവസരങ്ങളും വികസിപ്പിക്കുന്നതിലും യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും വരാനിരിക്കുന്ന ദേശീയ കായിക നയത്തിന്റെ പങ്കിനെക്കുറിച്ചും നയം നടപ്പാകുമ്പോള്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള കുട്ടികള്‍ കായിക വിനോദങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.