ശരീരത്തിനും ആത്മാവിനുമുള്ള ഔഷധമാണ് കായികരംഗം: ലെയോ പതിനാലാമൻ പാപ്പ

 
leo papa

ഇറ്റാലിയൻ സ്വിമ്മിംഗ് ഫെഡറേഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ശരീരത്തിന്റെയും ആത്മാവിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ കായികരംഗത്തിനുള്ള പങ്കിനെക്കുറിച്ച് പ്രശംസിച്ച് സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ. ജൂൺ 25 നായിരുന്നു മാർപാപ്പ ഇറ്റാലിയൻ സ്വിമ്മിംഗ് ഫെഡറേഷൻ അംഗങ്ങളുമായും ഇന്റർനാഷണൽ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവരുമായും പാപ്പ കൂടിക്കാഴ്ച നടത്തിയത്.

റോമിലെ ചരിത്രപ്രസിദ്ധമായ ഫോറോ ഇറ്റാലിക്കോ സ്വിമ്മിംഗ് സ്റ്റേഡിയത്തിൽ ജൂൺ 26 മുതൽ 28 വരെയാണ് 62-ാമത് ‘സെത്തെ കോളി ട്രോഫി’ നടക്കുന്നത്. വരാനിരിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനും മെഡിറ്ററേനിയൻ ഗെയിംസിനും മുന്നോടിയായുള്ള അവസാന യോഗ്യതാമത്സരമാണിത്. ശരിയായ രീതിയിൽ സമീപിച്ചാൽ കായികരംഗം ശരീരത്തിനും ആത്മാവിനും ഒരു ഔഷധമായി പ്രവർത്തിക്കുമെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

“ഇത് ഒരു വ്യക്തിയുടെ വിവിധ തലങ്ങളെ സമന്വയിപ്പിക്കുകയും അവരെ പ്രതിബദ്ധത, ഐക്യദാർഢ്യം, സത്യസന്ധത തുടങ്ങിയ സുപ്രധാന മൂല്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു” എന്നുപറഞ്ഞ പാപ്പ, മത്സരാധിഷ്ഠിതമായ കായികവിനോദങ്ങളിൽ ഏർപ്പെടുമ്പോൾ, കായികതാരങ്ങൾ തങ്ങളുടെ ഇച്ഛാശക്തിയും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഠിനാധ്വാനവും പുറത്തെടുക്കുന്നതിലൂടെ അവരുടെ ലക്ഷ്യങ്ങളുടെ ഗുണനിലവാരമാണ് വെളിവാക്കുന്നതെന്ന് പറഞ്ഞു.

ശാരീരികാരോഗ്യത്തിനു പുറമെ, കായികരംഗം ആത്മീയമായ ഉന്മേഷത്തിനും അവസരമൊരുക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് നീന്തൽ ഇതിന് സഹായിക്കുമെന്നും മാർപാപ്പ ചൂണ്ടിക്കാണിച്ചു. “ഒരു വ്യക്തിയെ പൂർണ്ണമായും ഉൾക്കൊള്ളുന്ന ‘വെള്ളം’ എന്ന മൂലകത്തിൽ മുഴുകിയാണ് നീന്തൽ പരിശീലിക്കുന്നത്. അമ്മയുടെ ഗർഭപാത്രം മുതൽ നമ്മെ രൂപപ്പെടുത്തിയ ഒരു വശത്തെയാണ് ഇത് പ്രതീകാത്മകമായി ഓർമ്മിപ്പിക്കുന്നത്. ജീവിക്കുക എന്നാൽ മറ്റുള്ളവരുമായും നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയോടും യോജിച്ച് ജീവിക്കാൻ പഠിക്കുക എന്നാണ് അർഥമാക്കുന്നത്” – പാപ്പ പറഞ്ഞു.

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വെള്ളം ജ്ഞാനസ്നാനത്തെയും ക്രിസ്തുവിലുള്ള പുതിയ ജീവിതത്തെയുമാണ് പ്രതീകവൽക്കരിക്കുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഭാഷയ്ക്കും സംസ്കാരത്തിനും അതീതമായ ഒരേയൊരു കായിക അഭിനിവേശത്താലും മൂല്യങ്ങളാലും പ്രചോദിതരായി, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് സെറ്റെ കോളി ട്രോഫി മത്സരത്തിൽ പങ്കെടുക്കാൻ താരങ്ങൾ എത്തിയിട്ടുള്ളതെന്ന് ലെയോ മാർപാപ്പ അനുസ്മരിച്ചു.

വി. പിയർ ജോർജിയോ ഫ്രസാറ്റിയുടെ മധ്യസ്ഥതയ്ക്ക് പ്രൊഫഷണൽ നീന്തൽ താരങ്ങളെ സമർപ്പിച്ച മാർപാപ്പ, കായികമൂല്യങ്ങൾ തുടർന്നും പരിശീലിക്കാനും പ്രചരിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു.

Tags

Share this story

From Around the Web