ഗര്‍ഭച്ഛിദ്രത്തിനെതിരായി സംസാരിച്ചു; സ്‌കോട്ട്‌ലന്‍ഡില്‍ കത്തോലിക്കാ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

 
pregenent


യു.എസ് : ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായി ഗര്‍ഭച്ഛിദ്രത്തോടുള്ള തന്റെ കത്തോലിക്കാ വിശ്വാസപരമായ എതിര്‍പ്പ് തുറന്നുപറഞ്ഞതിന് യു.എസ് സ്വദേശിയായ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. 

സ്‌കോട്ട്‌ലന്‍ഡിലെ ആംഗസ് പ്രവിശ്യയിലുള്ള അര്‍ബ്രോത്ത് ഹൈസ്‌കൂളിലെ ചരിത്ര അധ്യാപികയായ സാറാ മോഴ്‌സിനാണ് പിരിച്ചുവിടല്‍ നടപടി നേരിടേണ്ടി വന്നത്. തനിക്കെതിരെ ഉണ്ടായ മതപരമായ വിവേചനം ചൂണ്ടിക്കാട്ടി അറുപത്താറുകാരിയായ സാറ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും വര്‍ഷങ്ങളുടെ അധ്യാപന പരിചയവുമായി സ്‌കോട്ട്‌ലന്‍ഡില്‍ എത്തിയതായിരുന്നു സാറാ മോഴ്‌സ്. 


ക്ലാസ് മുറിയില്‍ ഹിറ്റ്‌ലറുടെ ഭരണകാലത്തെക്കുറിച്ചുള്ള ചരിത്രപഠനം നടക്കുന്നതിനിടയിലാണ്, യു.എസ് പശ്ചാത്തലമുള്ള അധ്യാപികയോട് വിദ്യാര്‍ഥികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചും ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും വ്യക്തിപരമായ വിശേഷങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്.


ഈ സംഭാഷണങ്ങള്‍ക്കിടയില്‍ ഒരു വിദ്യാര്‍ഥി ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ചോദിച്ചപ്പോള്‍, ''ഞാന്‍ കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കുന്ന വ്യക്തിയാണ്, അതുകൊണ്ട് തന്നെ ഞാന്‍ ഗര്‍ഭച്ഛിദ്രത്തിന് എതിരാണ്,'' എന്ന് സാറ മറുപടി നല്‍കി. 

ഒപ്പം കുട്ടികള്‍ക്ക് ഇതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും അത് തികച്ചും സ്വാഭാവികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഈ സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കകം സ്‌കൂള്‍ അധികൃതര്‍ സാറയെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും, ക്ലാസ് മുറിയില്‍ മതത്തെക്കുറിച്ചും ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും സംസാരിച്ചുവെന്ന കാരണത്താല്‍ ജോലിയില്‍ നിന്ന് ഉടനടി പിരിച്ചുവിടുകയുമായിരുന്നു. 

സ്വന്തം ഭാഗം വിശദീകരിക്കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ തനിക്ക് അവസരം നല്‍കിയില്ലെന്നും ഹെഡ് ടീച്ചര്‍ തന്നെ നേരില്‍ കാണാന്‍ വിസമ്മതിച്ചതായും സാറ ആരോപിക്കുന്നു.

തന്റെ മതപരമായ വ്യക്തിത്വത്തിന്റെ പേരില്‍ തന്നെ മാറ്റിനിര്‍ത്തുകയും ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും ചെയ്ത നടപടി സ്‌കോട്ട്‌ലന്‍ഡിലെ അധ്യാപന മേഖലയ്ക്ക് തന്നെ കടുത്ത ഭീഷണിയാണെന്ന് സാറ പറഞ്ഞു. 

വിദ്യാര്‍ഥികളെ സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അവരുടെ ചോദ്യത്തിന് സത്യസന്ധമായ മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. 

അധ്യാപികയ്ക്ക് പിന്തുണയുമായി പ്രമുഖ പ്രോ-ലൈഫ് സംഘടനയായ 'സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചില്‍ഡ്രന്‍'  രംഗത്തെത്തിയിട്ടുണ്ട്.
 

Tags

Share this story

From Around the Web