നൈജീരിയന്‍ ജനതയ്ക്കു ആത്മീയവും ഭൗതീകവുമായ പിന്തുണ വളരെ അത്യാവശ്യം: ബിഷപ്പ് മാര്‍ക്ക് മൈഗിഡ

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ അനുദിനം അക്രമ ഭീഷണി നേരിടുന്ന ക്രൈസ്തവര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും വേണ്ടത് ആത്മീയവും ഭൗതികവുമായ പിന്തുണയാണെന്നും മുന്നൂറിലധികം ആരാധനാലയങ്ങള്‍ ഇസ്‌ളാമിക തീവ്രവാദികള്‍ തകര്‍ത്തിട്ടുണ്ടെന്നും വുകാരി രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ക്ക് മൈഗിഡ.
2022-ല്‍ നൈജീരിയയിലെ താരബ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വുകാരി രൂപതയുടെ പ്രഥമ ബിഷപ്പായി തന്നെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചതിനുശേഷം, ഇസ്ലാമിക തീവ്രവാദികള്‍ ഇതുവരെ കുറഞ്ഞത് 325 കത്തോലിക്ക ആരാധനാലയങ്ങളെങ്കിലും നശിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
പ്രദേശത്തെ ക്രൈസ്തവര്‍ ശരിക്കും കഷ്ടപ്പെടുന്നു. പൊതുജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ആദ്യം വേണ്ടത് പ്രാര്‍ത്ഥനാപൂര്‍വ്വമായ പിന്തുണയാണ്. 300,000-ത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ താമസിക്കുന്ന ഈ സമൂഹങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഞാന്‍ പോകുന്നുണ്ട്.
ക്യാമ്പുകളില്‍ പോലും ആത്മീയ വളര്‍ച്ച അനുഭവിക്കുന്നതില്‍ ഞങ്ങള്‍ ഇപ്പോഴും സന്തുഷ്ടരാണ്. ആളുകള്‍ അവരുടെ വിശ്വാസത്തിന്റെ സന്തോഷം അനുഭവിക്കുന്നു. അവര്‍ കഷ്ടപ്പെടുന്നുണ്ടെന്ന് അവര്‍ക്കറിയാം, പക്ഷേ ദൈവവും ഉണ്ടെന്ന് അവര്‍ക്കറിയാം.
ഈ ദുരിതം എന്നെന്നേക്കുമായി നിലനില്‍ക്കില്ലെന്ന് അവര്‍ക്കറിയാം. രാജ്യത്തിന്റെ 'ഭക്ഷ്യക്കുട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമായ രാജ്യത്തിന്റെ മിഡില്‍ ബെല്‍റ്റ് മേഖലയിലുടനീളം, നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വീടുകളും കൃഷിയിടങ്ങളും ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന രാജ്യങ്ങളിലൊന്നായ നൈജീരിയയ്ക്കു വേണ്ടി മനുഷ്യാവകാശ സംഘടനകളും സഭാനേതൃത്വവും ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും കൃത്യമായ നടപടിയിലൂടെ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടം തയാറാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത.