കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ'; സിജെപി പ്രവര്‍ത്തകരോട് അഭിജീത് ദീപ്കെ, കടുപ്പമേറിയ സമയത്ത് ഇത്രയും ആത്മാര്‍ത്ഥതയോടെ കൂടെ നിന്ന ആളുകളെ സല്യൂട്ട് ചെയ്യുന്നുവെന്നും ദീപ്കെ
ന്യൂഡല്‍ഹി: ആഘോഷവേളകളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനവുമായി സിജെപി കണ്‍വീനര്‍ അഭിജീത് ജീപ്കെ. കഴിഞ്ഞ നിരവധി ദിവസങ്ങള്‍ ഏറെ പ്രയാസത്തിലൂടെയാണ് എല്ലാവരും കടന്നുപോയതെന്നും ഇത്രയും ആത്മാര്‍ത്ഥതയോടെ കൂടെ നിന്ന ആളുകളെ സല്യൂട്ട് ചെയ്യുന്നുവെന്നും ദീപ്കെ പറഞ്ഞു. പൂജ ആഘോഷങ്ങളുടെ ഈ വേളയില്‍ എല്ലാവരും തങ്ങളെ സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ദീപ്കെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ നമുക്ക് എളുപ്പമായിരുന്നില്ല. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും അറസ്റ്റുകളും എല്ലാവര്ക്കും അറിയാം. നമ്മള് പോരാടുന്നത് വെറുപ്പിനെതിരെയാണ്. നമുക്കെതിരെ വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നവര്ക്കെതിരെയാണ് പോരാടുന്നത്. എന്നാല്‍ ആ വിദ്വേഷം നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കണം. നമ്മള് വെറുക്കുന്നവരെപ്പോലെയാകാന് പാടില്ല. പരസ്പരമുള്ള സ്നേഹവും കരുണയും ദയയുമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. നമ്മുടെ വികാരങ്ങള്‍ ദൗര്‍ബല്യമല്ല, ശക്തിയാണ്.
സൗരവും അശുതോഷും ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യവുമായിട്ടായിരിക്കും തിരിച്ചുവരിക. അവര്‍ സമാധാനത്തിന്റെ പാതയാണ് തിരഞ്ഞെടുത്തത്. തെറ്റായ രീതിയിലാണ് ജയിലിലടയ്ക്കുന്നതെന്ന് അറിയാമായിരുന്നിട്ടും അവര്‍ സമാധാനം കൈവിട്ടില്ല. ആഘോഷത്തിന്റെ ഈ വേളയില്‍ എല്ലാവരും നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ നിങ്ങളുടെ കുടുംബങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വാര്‍ത്തകളില്‍ ഇടംനേടാത്ത നിരവധി പ്രവര്‍ത്തകരുണ്ട്. സൗരവിനെയും അശുവിനെയും പോലെ അവരും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങളും മറന്നുപോകരുത്.' -ദീപ്കെ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഉള്‍പ്പെടെ വിവിധ കക്ഷികള്‍ സമരം ശക്തമാക്കിയിരിക്കെയാണ് പ്രവര്‍ത്തകരോട് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ദീപ്കെയുടെ ആഹ്വാനം. നവരാത്രി ആഘോഷത്തിന് ശേഷമായിരിക്കും സിജെപി കൂടുതല്‍ സമരങ്ങളിലേക്ക് കടക്കുക എന്ന സൂചനയാണിത് നല്‍കുന്നത്. ജയിലില്‍ കഴിയുന്ന സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റങ്കക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നില്ല.