ഓണത്തിന് ചെന്നൈയിൽനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ഓണ ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ചെന്നൈ സെൻട്രൽ–കൊല്ലം (06119) ട്രെയിൻ ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ ചെന്നൈ സെൻട്രലിൽനിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. കൊല്ലം–ചെന്നൈ സെൻട്രൽ (06120) ട്രെയിൻ ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെത്തും വിധമാണ് സർവീസ്.
ചെന്നൈയിൽനിന്ന് കോട്ടയത്തേക്കും ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രൽ–കോട്ടയം ട്രെയിൻ (06111) ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒൻപത് തീയതികളിൽ രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.30-ന് കോട്ടയത്തെത്തും. കോട്ടയം–ചെന്നൈ സെൻട്രൽ (06112) ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ വൈകീട്ട് ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും.
കേരളത്തിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള പതിവ് ട്രെയിനുകളിൽ ഓണദിവസങ്ങളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഇതിനോടകം വെയിറ്റിങ് ലിസ്റ്റ് ആയിട്ടുണ്ട്.