മെസിയെ കേരളത്തിൽ കളിപ്പിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘം; എസ്.ഐ.ടി രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും; എ.ഡി.ജി.പിയുടെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘം
Sep 3, 2026, 09:54 IST
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കളിപ്പിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും.
ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. സ്പോൺസറെ സുതാര്യമല്ലാതെ തെരഞ്ഞെടുത്തത് മുതലുളള മുഴുവൻ ക്രമക്കേടുകളും അന്വേഷിക്കാനാണ് നിർദേശം.
എഡിജിപിയുടെ നേതൃത്വത്തിലാകും എസ്ഐടി. അതേ സമയം നികുതി വെട്ടിപ്പ് അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘത്തിൻ്റെ അന്തിമ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയും ഫണ്ടിന്റെ സ്രോതസ്സിലെ അവ്യക്തതകളും ചൂണ്ടിക്കാട്ടിയാകും റിപ്പോർട്ട്.