ഒക്ടോബര്‍ 1 മുതല്‍ റെയില്‍വേയുടെ പ്രത്യേക പരിശോധന; യാത്രക്കാര്‍ കരുതേണ്ട രേഖകള്‍
ഡല്‍ഹി: ഒക്ടോബര്‍ 1 മുതല്‍ ടിക്കറ്റ് പരിശോധന ശക്തമാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ. ഉത്സവ സീസണിന് മുന്നോടിയായി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഒക്ടോബര്‍ 31 വരെ പരിശോധന കര്‍ശനമാക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ് ഈ പ്രത്യേക പരിശോധന ഡ്രൈവ് നടക്കുക. ആനുകൂല്യങ്ങളോടെ (concessions) ബുക്ക് ചെയ്ത ടിക്കറ്റുകള്‍, പ്രത്യേക റിസര്‍വേഷന്‍ ക്വോട്ടകള്‍, വിവിധ റെയില്‍വേ പാസുകള്‍ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇളവുകളിലോ നിര്‍ദ്ദിഷ്ട റിസര്‍വേഷന്‍ ക്വാട്ടയിലോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ അവരുടെ യോഗ്യത തെളിയിക്കുന്നതിന് നിര്‍ദ്ദിഷ്ട തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കുന്നുണ്ടെന്ന് ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേയിലെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. സ്വപ്നില്‍ നില പറഞ്ഞു. ഒന്നിലധികം യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലിസ്റ്റിലുള്ള കുറഞ്ഞത് ഒരു യാത്രക്കാരനെങ്കിലും യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണം. ആവശ്യമായ അസല്‍ രേഖകള്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍, നിലവിലെ റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് ആ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ പേരെയും സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ദിഷ്ട ഇളവുകളിലോ റിസര്‍വേഷന്‍ ക്വോട്ടകളിലോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ അസല്‍ രേഖകളും ടിക്കറ്റ് പരിശോധകര്‍ പരിശോധിക്കും.ഇ-പാസ് അല്ലെങ്കില്‍ പിടിഒ ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണമെന്നും യാത്ര ആരംഭിക്കുന്നതിന് മുമ്പ് യാത്ര ചെയ്യാന്‍ നിര്‍ദ്ദിഷ്ട അധികാരിയുമായി ഇ-പാസ്/പിടിഒ യഥാസമയം കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വേഷനില്ലാതെ ജനറല്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് സോണല്‍ റെയില്‍വേ അറിയിച്ചു. ഈ പ്രത്യേക പരിശോധനാ ഡ്രൈവില്‍ ടിക്കറ്റുകളുടെ കൃത്യത പരിശോധിക്കുന്നതിനായി ടിക്കറ്റ് പരിശോധകര്‍ക്ക് ആവശ്യമുള്ളിടത്തെല്ലാം ടിടിഇ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
ടിക്കറ്റ് ബുക്കിംഗിലെയും റിസര്‍വേഷന്‍ ആനുകൂല്യങ്ങളിലെയും ക്രമക്കേടുകള്‍ തടയുക, റെയില്‍വെ പാസുകളും യാത്രാ ഇളവുകളും അര്‍ഹതയില്ലാത്തവര്‍ വ്യാജമായി ഉപയോഗിക്കുന്നത് തടയുക, യാത്രക്കാരുടെ പക്കലുള്ള ടിക്കറ്റുകള്‍ യഥാര്‍ഥത്തിലുള്ളതാണോ അതോ വ്യാജമാണോ എന്ന് പരിശോധിക്കുക, ടിക്കറ്റെടുക്കാതെയുള്ള യാത്രകള്‍ ഒഴിവാക്കി റെയില്‍വേയ്ക്ക് അര്‍ഹതപ്പെട്ട വരുമാനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശോധന ഡ്രൈവ് നടത്തുന്നത്.
റെയില്‍വേ യാത്രക്കാര്‍ കൈയില്‍ കരുതേണ്ട രേഖകള്‍
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്
പാസ്പോര്‍ട്ട്
പാന്‍ കാര്‍ഡ്
ഡ്രൈവിംഗ് ലൈസന്‍സ്
കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ സീരിയല്‍ നമ്പറുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
അംഗീകൃത സ്‌കൂളുകളും കോളജുകളും തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ്
ദേശീയകൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്
ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത ക്രെഡിറ്റ് കാര്‍ഡുകള്‍
ആധാര്‍ കാര്‍ഡ്
ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള പിഴ ഇരട്ടിയാക്കി
സാധുവായ ട്രെയിന്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള പിഴ റെയില്‍വെ കൂട്ടിയിട്ടുണ്ട്. കുറഞ്ഞ പിഴ തുക 2026 ജൂണ്‍ 20 മുതല്‍ 500 രൂപയായി ഉയര്‍ത്തിയതായി റെയില്‍വേ പ്രസ്താവനയിലൂടെ അറിയിച്ചു.പിഴ നടപടികള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ സാധുവായ ടിക്കറ്റുകള്‍ കൈവശം കരുതണമെന്നും റെയില്‍വേ നിയമങ്ങള്‍ പാലിക്കണമെന്നും റെയില്‍വേ വ്യക്തമാക്കി.