അതിദാരിദ്ര്യ മുക്തമായവരില്‍ പ്രത്യേക ശ്രദ്ധവേണം, മാലിന്യമുക്ത കേരളത്തിന് നിതാന്ത പരിശ്രമം ആവശ്യം, ഭവന രഹിതര്‍ക്ക് സുരക്ഷിത ഭവനം ഉണ്ടാകണം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

 
Pinarayi vijyan



തിരുവനന്തപുരം: പുതുതായി സ്ഥാനമേറ്റ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും പുതിയ ഭരണസമിതികള്‍ സ്ഥാനമേറ്റെന്നും ഭരണസമിതികള്‍ക്ക് മുന്നില്‍ പുതിയ ഉത്തരവാദിത്വമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


അതിദാരിദ്ര്യ മുക്തമായവര്‍ തിരികെ അതിദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് തദ്ദേശസ്ഥാപനങ്ങളെ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഈ പ്രക്രിയ സൂക്ഷ്മതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാന്‍ നിതാന്ത പരിശ്രമം ആവശ്യമാണ്. ആ ചുമതല എല്ലാ തദ്ദേശസ്ഥാപനങ്ങളും പൂര്‍ണമായും ഏറ്റെടുക്കണം. ഭാവി ഉറപ്പുള്ളതാക്കാന്‍ നാട് മാലിന്യമുക്തമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് ഭവനപദ്ധതിയിലൂടെ കൂടുതല്‍ ഭവന രഹിതര്‍ക്ക് സുരക്ഷിത ഭവനം ഉണ്ടാകണം. തദ്ദേശസ്ഥാപനങ്ങള്‍ ഇതില്‍ പ്രധാന പങ്കു വഹിക്കണം. അടുത്ത മാസത്തോടെ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


പാലിയേറ്റീവ് പരിചരണത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധവേണം. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 

സാര്‍വത്രിക പാലിയേറ്റീവ് പരിചരണം ഉറപ്പാക്കണം. സമര്‍പ്പണബോധത്തോടെ ഓരോ തദ്ദേശസ്ഥാപനവും ഇതിനായി ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വിശാല താത്പര്യം മുന്‍നിര്‍ത്തി നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപനത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും എല്ലാവരും അതിന് തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

Tags

Share this story

From Around the Web