പ്രത്യേക ട്രെയിനുകളിൽ റെക്കോർഡ് യാത്രാ നിരക്കുമായി ദക്ഷിണ റെയിൽവേ; രാജ്യത്തെ ഏറ്റവും മികച്ച റെയിൽവേ സോൺ
ചെന്നൈ: കഴിഞ്ഞ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യേക ട്രെയിനുകളില്‍ ഏറ്റവും ഉയര്‍ന്ന യാത്രാ നിരക്ക് രേഖപ്പെടുത്തി ദക്ഷിണ റെയില്‍വേ ചരിത്ര നേട്ടം കൈവരിച്ചു.
ഈ കാലയളവില്‍ 229 പ്രത്യേക ട്രെയിന്‍ സര്‍വീസുകളിലായി 2,513 ട്രിപ്പുകള്‍ ഓടിച്ചതിലൂടെ 32.98 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനും 243.22 കോടി രൂപ വരുമാനം നേടാനും സാധിച്ചതായി ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ പ്രത്യേക ട്രെയിനുകളില്‍ ഒരു ട്രിപ്പില്‍ ശരാശരി 1,312 യാത്രക്കാര്‍ വീതമാണ് സഞ്ചരിച്ചത്. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ആകെ ശരാശരിയായ 894-നേക്കാള്‍ വളരെ കൂടുതലാണ്. ഈ മികച്ച പ്രവര്‍ത്തനക്ഷമതയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച റെയില്‍വേ സോണായി ദക്ഷിണ റെയില്‍വേ മാറി.
തെക്കന്‍ മേഖലകള്‍, തെക്കുപടിഞ്ഞാറന്‍ മേഖലകള്‍, ദീര്‍ഘദൂര അന്തര്‍-സോണല്‍ റൂട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അധികവും നടത്തിയത്. ഇത് ഉത്സവ-അവധി കാലങ്ങളിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനും വെയിറ്റ്ലിസ്റ്റ് കുറയ്ക്കാനും സഹായിച്ചു.
ദക്ഷിണ തമിഴ്നാട്, കേരളം, ബെംഗളൂരു, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയെ രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലാണ് ഈ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്.
റിസര്‍വ്ഡ് പ്രത്യേക ട്രെയിനുകള്‍ക്ക് പുറമെ സാധാരണക്കാരായ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാന്‍ അണ്‍റിസര്‍വ്ഡ് പ്രത്യേക ട്രെയിനുകളും ദക്ഷിണ റെയില്‍വേ ഓടിച്ചിരുന്നു.
ചെന്നൈ - കന്യാകുമാരി, ചെന്നൈ - തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിലെ സ്ഥിരം ട്രെയിനുകളിലെ വെയിറ്റ്ലിസ്റ്റ്, റിസര്‍വേഷന്‍ ട്രെന്‍ഡുകള്‍, യാത്രക്കാരുടെ ആവശ്യങ്ങള്‍ എന്നിവ നിരന്തരം നിരീക്ഷിച്ചാണ് പ്രത്യേക സര്‍വീസുകള്‍ ആസൂത്രണം ചെയ്തത്.
ഒരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുമ്പോള്‍, അതേ റൂട്ടിലെ സ്ഥിരം ട്രെയിനുകളില്‍ വെയിറ്റ്ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് സ്‌പെഷ്യല്‍ ട്രെയിനിലെ സീറ്റ് ലഭ്യതയെക്കുറിച്ച് എസ്.എം.എസ് വഴി വിവരം നല്‍കുന്ന സംവിധാനവും റെയില്‍വേ ഒരുക്കിയിരുന്നു. ഇത് യാത്രക്കാര്‍ക്ക് മികച്ചൊരു യാത്രാ ഓപ്ഷന്‍ നല്‍കുന്നതിനൊപ്പം പ്രത്യേക ട്രെയിനുകളിലെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി.