സോനം വാങ്ചുക് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തുടരും. ഹര്‍ജിയില്‍ ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി.കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

 
sonam

സോനം വാങ്ചുക് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തുടരും. ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടില്ല. നിലവില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് മിനി പുഷ്‌കര്‍ണ്ണയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ജൂലൈ 24ന് പരിഗണിക്കും.


അടിയന്തര സാഹചര്യം മൂലമാണ് സോനത്തിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ആരോഗ്യം മോശമായിട്ടും സോനം നേരിട്ട് ആശുപത്രിയില്‍ പ്രവേശിക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ചികിത്സാ കാര്യങ്ങളില്‍ അന്തിമ തീരുമാനം മെഡിക്കല്‍ സംഘത്തിന്റേതാണ്. സോനം വാങ്ചുക്കിന് താത്്പര്യമുണ്ടെങ്കില്‍ ഡോക്ടര്‍മാരുമായി സഹകരിക്കാം. അക്കാര്യത്തില്‍ നിര്‍ദേശം നല്‍കുന്നില്ല  ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.


മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഗീതാഞ്ജലി അങ്മോക്ക് വേണ്ടി ഹാജരായത്. തങ്ങള്‍ക്ക് താത്പര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സഫ്ദര്‍ജംഗിലെ പ്രശ്നം ഡോക്ടര്‍മാരെയും അഭിഭാഷകരെയും സമീപിക്കാന്‍ കഴിയുന്നില്ല എന്നതാണ്. മെദാന്ത ആശുപത്രിയിലേക്ക് മാറ്റണം  കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ഉത്തരവുണ്ട് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റേണ്ട അടിയന്തര സാഹചര്യമുണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. സോനത്തിന്റ ആരോഗ്യ സ്ഥിതി വഷളായി ക്കൊണ്ടിരുന്നുവെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സോനത്തിന് എതിരെ നിലവില്‍ കേസില്ലെന്നും ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാന്‍ പൗരന് അവകാശമില്ലേ? എന്നും കപില്‍ സിബല്‍ ചോദിച്ചു. സോനം വാങ്ചുകിനെ തടഞ്ഞു വച്ചിട്ടില്ലല്ലോ എന്ന് ചോദിച്ച കോടതി ഭാര്യ, സഹോദരന്‍, ഭാര്യ സഹോദരന്‍ എന്നിവര്‍ക്ക് അദ്ദേഹത്തെ എപ്പോഴും കാണാന്‍ സാധിക്കുന്നുണ്ടെന്നതും ചൂണ്ടിക്കാട്ടി. എയിംസിലെ ഡോക്ടര്‍മാരെ കേന്ദ്രം കോടതിയില്‍ ഹാജരാക്കി.

Tags

Share this story

From Around the Web