ആശുപത്രിയിൽ ചികിത്സ നിഷേധിച്ച് സോനം വാങ്ചുക്, നിരാഹാര സമരം തുടരുന്നു
ന്യൂഡൽഹി: ജന്ദർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ഡൽഹി പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ചികിത്സ നിഷേധിച്ചു. തന്നെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട വാങ്ചുക്, സമരം തുടരുമെന്ന നിലപാടിലാണ്. ദീർഘകാലമായി ഭക്ഷണം കഴിക്കാത്തത് വാങ്ചുക്കിന്റെ ആരോഗ്യനില വഷളാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അദ്ദേഹം ചികിത്സയോട് സഹകരിക്കുന്നില്ല.
കഴിഞ്ഞ ദിവസമാണ് ജന്ദർ മന്തറിൽ സമാധാനപരമായി സമരം നടത്തിയിരുന്ന വാങ്ചുക്കിനെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയത്. ദില്ലി ഹൈക്കോടതിയുടെയും ആരോഗ്യവിദഗ്ധരുടെയും നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ, താൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ നിരാഹാര സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വാങ്ചുക് ആവർത്തിച്ചു. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ചിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം, വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ നിരാഹാര സമരം ഏറ്റെടുത്തു. അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി അദ്ദേഹം എക്സിലൂടെ അറിയിച്ചു.
സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി സർക്കാർ അസത്യത്തിന്റെയും ഹിംസയുടെയും പാതയിലാണെന്നും, വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് സിജെപി പ്രവർത്തകരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചത് പ്രദേശത്ത് വലിയ സംഘർഷത്തിന് വഴിവെച്ചിരുന്നു. വാങ്ചുക്കിന് അടിയന്തര വൈദ്യസഹായം നൽകാനും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും നേരത്തെ ഡൽഹി ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.