ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരായ ബിൽ പാസാക്കിയതിന് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് സോനം വാങ്ചുക്
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരായ ബിൽ പാസാക്കിയതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക്.
ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെ പരിഷ്‌കരിക്കുന്നതിലേക്കുള്ള മികച്ച ചുവടുവെപ്പാണ് ബിൽ എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിയമനടപടികൾ എടുക്കില്ലെന്ന ഉറപ്പ് കേന്ദ്രസർക്കാർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്ന സംഭവത്തിൽ നിരാഹാരസമരം നടത്തിയ സോനം വാങ്ചുക് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
നിയമഭേദഗതി ലോക്സഭ പാസാക്കിയതിൽ താൻ സന്തോഷവാനാണെന്ന് പറഞ്ഞ വാങ്ചുക്, ഇത് വിദ്യാഭ്യാസരംഗത്തെ സമഗ്രമായി പരിഷ്‌കരിക്കുന്നതിലേക്ക് വഴിതെളിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
അതേസമയം ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരായ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി), ബില്ലിനെ കുറിച്ചുള്ള നിലപാട് വാങ്ചുകിന്റേതിൽ നിന്ന് വ്യത്യസ്തമാണ്.
ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള ഘടനാപരമായ പ്രശ്നങ്ങൾ തടയുന്നതിൽ ബിൽ പരാജയപ്പെട്ടുവെന്നാണ് സിജെപി പറയുന്നത്.
ചോദ്യപ്പേപ്പർ ചോർന്നുകഴിഞ്ഞശേഷമുള്ള ശിക്ഷയെ കുറിച്ചാണ് ബിൽ പറയുന്നത്, അല്ലാതെ അത് തടയുന്നതിനെ കുറിച്ചല്ല എന്ന് സിജെപി വക്താവ് അശുതോഷ് രങ്ക പറഞ്ഞു.
'മുറിവുണ്ടായതിന് ശേഷം ബാൻഡേജ് ഒട്ടിക്കുന്നത് പ്രധാനം തന്നെയാണ്.
എന്നാൽ, മുറിവുണ്ടാകാതിരിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതാണ് യഥാർഥ ചോദ്യം. ഈ ബിൽ അതിനെ അഭിസംബോധന ചെയ്യുന്നേയില്ല.' -അശുതോഷ് പറഞ്ഞു.