സ്വന്തം ജീവന്‍ നല്‍കി അമ്മ രക്ഷിച്ച മകന്‍ പൗരോഹിത്യ രജതജൂബിലിയില്‍; കേരള ജിയന്ന അച്ചാമ്മ ജേക്കബിന്റെ ചരമവാര്‍ഷികം 11ന്

 
jiyanna

ചങ്ങനാശേരി: കേരള ജിയന്ന എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാര്‍ഷികം ജൂലൈ 11ന് ആചരിക്കുന്നു. വിവാഹജീവിതത്തിന്റെ 21 വര്‍ഷത്തിനിടെ 12 മക്കള്‍ക്ക് ജന്മം നല്‍കിയ അച്ചാമ്മ, പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. 

അന്ന് ജനിച്ച ആണ്‍കുട്ടി ഇപ്പോള്‍ സലേഷ്യന്‍ വൈദികനാണ്. തെരുവില്‍ അലയുന്ന-നിരാലംബരായ കുട്ടികള്‍ക്കായി ശുശ്രൂഷ ചെയ്യുന്ന ഫാ. റെജി പുലിക്കോട്ട് എസ്ഡിബി. ഈ വര്‍ഷം പൗരോഹിത്യ സ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിക്കുകയാണ്.

പന്ത്രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തിലിരിക്കെ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അച്ചാമ്മ ജേക്കബ്, ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ മാത്രമേ ഫലപ്രദമായ ചികിത്സ സാധ്യമാകൂ എന്ന ഡോക്ടര്‍ മാരുടെ നിര്‍ദേശം നിരസിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചതിലൂടെയാണ് ശ്രദ്ധേയയായത്.

'ഉദരത്തിലുള്ള കുഞ്ഞിനെ ഇല്ലാതാക്കി ചികിത്സ എനിക്ക് വേണ്ട; ആ കുഞ്ഞിനും ജീവിക്കാന്‍ അവകാശമുണ്ട്' എന്ന അച്ചാമ്മയുടെ ഉറച്ച നിലപാട്, പ്രോ-ലൈഫ് ആശയങ്ങള്‍ സമൂഹത്തില്‍ വ്യാപക മായി ചര്‍ച്ച ചെയ്യപ്പെടുന്നതിനുമുമ്പേ ജീവന്റെ മഹത്വത്തിന് നല്‍കിയ ശക്തമായ സാക്ഷ്യമായി വിലയിരുത്തപ്പെടുന്നു.

ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജീവന്‍ ജ്യോതിസ് പ്രോ-ലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കുട്ടനാട് റീജിയണല്‍ പ്രോലൈഫ് സെമിനാര്‍  11 ന് ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ മുട്ടാര്‍, കുമരഞ്ചിറ സെന്റ് തോമസ് പള്ളിയില്‍ നടക്കും.  

സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ ഫാ. ആന്റണി എത്തക്കാട്ട് അധ്യക്ഷത വഹിക്കും. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍ ജൂബിലേറിയന്‍ ഫാ. റെജി പുലിക്കോട്ട് എസ്ഡിബിയെ ആദ രിക്കും. ഫാ. ജോസഫ് കട്ടപ്പുറം, റെജി ആഴാഞ്ചിറ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ 'വലിയ കുടും ബത്തിന്റെ പ്രസക്തിയും അണുകുടുംബത്തിന്റെ പോരായ്മകളും' എന്ന വിഷയത്തില്‍ യുഗേഷ് പുളിയ്ക്കനും 'കേരള ജിയന്ന അച്ചാമ്മ ജേക്കബ്  ക്രൈസ്തവ കുടുംബങ്ങള്‍ക്ക് ഒരു മാതൃക' എന്ന വിഷയത്തില്‍ എബ്രഹാം പുത്തന്‍കളവും പ്രഭാ ഷണം നടത്തും.

1973 ജൂലൈ ഏഴിനാണ് അച്ചാമ്മ ജേക്കബ് അന്തരിച്ചത്. മുട്ടാര്‍ കുമരഞ്ചിറ പള്ളി സെമിത്തേരിയിലാണ് അടക്കംചെയ്തിരിക്കുന്നത്.

Tags

Share this story

From Around the Web