മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയുടെ മകന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

സൗത്ത് കരോലിന: ഐക്യരാഷ്ട്രസഭയിലെ മുന്‍ അമേരിക്കന്‍ അംബാസഡറും മുന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന നിക്കി ഹേലിയുടെ മകന്‍ നളിന്‍ ഹേലി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. സൗത്ത് കരോലിനയിലെ ഇന്ത്യന്‍ ലാന്‍ഡിലുള്ള ഔര്‍ ലേഡി ഓഫ് ഗ്രേസ് ഇടവക ദേവാലയത്തില്‍ ഫാ. ജെഫ്രി കിര്‍ബിയാണ് നളിനെ കത്തോലിക്ക വിശ്വാസത്തിലേക്ക് സ്വീകരിച്ചത്.
മാതാപിതാക്കളെന്ന നിലയില്‍, തങ്ങളുടെ കുട്ടികള്‍ക്ക് ദൈവവുമായി വിശ്വാസവും ബന്ധവും ഉണ്ടാകണമെന്ന് മൈക്കിളും ( ഭര്‍ത്താവ്) താനും എപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് നിക്കി ഹേലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
മകന്റെ വിശ്വാസ യാത്രയില്‍ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടായതായും നിക്കി കൂട്ടിച്ചേര്‍ത്തു. ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച നളിന്‍ കത്തോലിക്ക സഭയില്‍ വിശ്വാസസ്ഥിരീകരണം നടത്തി തിരുസഭാംഗമായത്.