'ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വാക്കുകള്‍ വന്നു'; ശബരിമല അയ്യപ്പനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സണ്ണി എം.കപിക്കാട്

 
SUNNY  M KAPIKKAD


തിരുവനന്തപുരം: അയ്യപ്പനെതിരെ മാത്രമല്ല ആര്‍ക്കെതിരെയും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വാക്കുകള്‍ വന്നുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എഴുത്തുകാരന്‍ സണ്ണി എം.കപിക്കാട്. അയ്യപ്പന്‍ എന്തോ കുഴപ്പക്കാരന്‍ ആണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കൊള്ളയാണ് പറഞ്ഞു വന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഉദ്ദേശശുദ്ധിയില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ യഥാര്‍ത്ഥ ഭക്തരാണ് എന്ന് വിശ്വസിക്കുന്നില്ല. പരാമര്‍ശത്തിന്റെ പേരിലുള്ള പൊലീസ് കേസിനെ നിയമപരമായി നേരിടും. സൈബര്‍ ആക്രമണത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം സര്‍വകലാശാലയില്‍ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സണ്ണി കപിക്കാട് പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അടിയന്തരമായി ഇടപെട്ട് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടിരുന്നു.

Tags

Share this story

From Around the Web