സൊമാലിയയിലെ മാനുഷിക പ്രതിസന്ധി: അടിയന്തര സഹായം ലഭ്യമാക്കണമെന്ന് പാപ്പ

 
PAPA



വത്തിക്കാന്‍ സിറ്റി: സൊമാലിയയിലെ പ്രദേശങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ സെപ്റ്റംബര്‍ ഇരുപതാം തീയതി ഞായറാഴ്ച, വത്തിക്കാന്‍ ചത്വരത്തില്‍ നയിച്ച ത്രികാല ജപ പ്രാര്‍ത്ഥനയ്ക്ക് ശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. 

ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ പ്രകൃതിദുരന്തങ്ങളും അക്രമ സംഭവങ്ങളും ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയാണെന്നു പാപ്പ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചകളിലൊന്നാണ് സൊമാലിയ ഇപ്പോള്‍ നേരിടുന്നത്.

ഏകദേശം 20 ലക്ഷത്തോളം കുട്ടികള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഞെരുങ്ങുന്നത്. നിലവില്‍ 60 ലക്ഷത്തോളം സൊമാലിയക്കാര്‍ കടുത്ത പട്ടിണിയിലാണ്. 

സൊമാലിയയുടെ വടക്കന്‍ മേഖലകളിലെ വരള്‍ച്ചയ്ക്ക് പുറമെ, ആഭ്യന്തര സംഘര്‍ഷങ്ങളും ഇന്ധന വിലവര്‍ദ്ധനവും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു. 

ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന സൊമാലിയന്‍ സഹോദരീസഹോദരന്മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉദാരമായി മുന്നോട്ടുവരണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web