സൊമാലിയ ദുരന്തം: ലോക രാഷ്ടങ്ങളുടെ അടിയന്തര സഹായം തേടി ലിയോ പാപ്പ
സൊമാലിയയിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധിക്ക് പരിഹാരമായി അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര സഹായം തേടി ലിയോ പതിനാലാമന്‍ പാപ്പ രംഗത്തെത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌കോയാറില്‍ ഇന്നലെ നടന്ന ത്രികാല പ്രാര്‍ത്ഥനയ്ക്കിടെയാണ് അദ്ദേഹം ലോകരാജ്യങ്ങളോട് സഹായഹസ്തം നീട്ടാന്‍ അഭ്യര്‍ത്ഥിച്ചത്.
രാജ്യത്ത് തുടര്‍ച്ചയായി അരങ്ങേറുന്ന അക്രമങ്ങളും അതീവ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും സൊമാലിയന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ടെന്നും, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമാണ് വലിയ തോതില്‍ ദുരിതം അനുഭവിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.
ലക്ഷക്കണക്കിന് കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്ന പശ്ചാത്തലത്തില്‍, സൊമാലിയയിലെ സഹോദരങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉദാരമനസ്സോടെ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു .