രക്തസാക്ഷികളോടു ഐക്യദാര്‍ഢ്യം; ജോര്‍ദാനില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ലളിതമായി നടത്തുവാന്‍ തീരുമാനം
അമ്മാന്‍: ജോര്‍ദാനിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മ പുതുക്കിയും അവരുടെ കുടുംബങ്ങളോടുള്ള ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ റദ്ദാക്കുന്നതായി ജോര്‍ദാന്‍ കൗണ്‍സില്‍ ഓഫ് പ്രസിഡന്റ്‌സ് ഓഫ് ചര്‍ച്ചസ് പ്രഖ്യാപിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അരങ്ങേറിയ ഹീനമായ ഭീകരാക്രമണങ്ങളില്‍ ഒന്‍പതോളം പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് നിര്‍ണ്ണായക തീരുമാനം.
ക്രിസ്തുമസിനോട് അനുബന്ധിച്ച് ആരാധനാക്രമങ്ങളും പ്രാര്‍ത്ഥനകളും സഭാ പാരമ്പര്യമനുസരിച്ച് ലളിതമായ രീതിയില്‍ മാത്രമായിരിക്കുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
ആഘോഷങ്ങള്‍ ഒഴിവാക്കി, പ്രാര്‍ത്ഥനകള്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കാനും സഭാനേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
പള്ളികളിലെ ക്രിസ്തുമസ് ട്രീകള്‍ പ്രത്യാശയുടെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകങ്ങളായിരിക്കുമെന്ന് സഭാ കൗണ്‍സില്‍ അറിയിച്ചു.
രക്തസാക്ഷികളുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി മെഴുകുതിരികള്‍ തെളിയിക്കുകയും ക്രിസ്മസ് ട്രീക്ക് സമീപം അവര്‍ക്കായി പ്രത്യേക സ്മാരക ഇടം ഒരുക്കുകയും ചെയ്യും. ജോര്‍ദാന്‍ ഭരണാധികാരിയായ അബ്ദുല്ല രണ്ടാമന്‍ രാജാവിനും രാജ്യത്തിന്റെ സുരക്ഷാ സേനകള്‍ക്കും ഭരണകൂട സ്ഥാപനങ്ങള്‍ക്കും സഭയുടെ പൂര്‍ണ്ണ പിന്തുണയും കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ സഭ അഭിനന്ദിച്ചു.