സോളാർ തട്ടിപ്പ് കേസ്, ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി, ഹൈക്കോടതി അനുമതി നൽകി
തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ കേസിലാണ് ഈ നിർണ്ണായക വിധി.
കേസിൽ മൂന്നാം പ്രതിയായിരുന്നു ടെന്നി ജോപ്പൻ. സരിത നായർക്ക് പണം നൽകാൻ ജോപ്പൻ സമ്മർദ്ദം ചെലുത്തിയെന്ന മല്ലേലിൽ ശ്രീധരൻ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിചേർത്തത്. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന ഏക അറസ്റ്റ് ഇദ്ദേഹത്തിന്റേതായിരുന്നു.
കേസിൽ ടെന്നി ജോപ്പനെതിരെയുള്ള തുടർനടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് മല്ലേലിൽ ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ, ഇവർ തമ്മിലുള്ള കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചതായും കോടതിയെ ബോധിപ്പിച്ചു.
കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെന്നി ജോപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചാണ് ഈ ഉത്തരവ്. പത്തനംതിട്ട കോന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വിചാരണ ആരംഭിച്ചിരുന്നില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെന്നി ജോപ്പന്റെ അന്നത്തെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.