സൈബർ ഭീകരതയ്ക്കും വ്യക്തിഹത്യകൾക്കുമെതിരെ സമൂഹവും ഭരണകൂടവും ജാഗ്രത പുലർത്തണം: കെ.സി.ബി.സി. ജാഗ്രത കമ്മീഷൻ
നിരവധി ആത്മഹത്യകൾക്കും ഒട്ടേറെ കുടുംബ, വ്യക്തിബന്ധ, പ്രതിച്ഛായ തകർച്ചകൾക്കും കാരണമാകുന്ന സൈബർ ആക്രമണങ്ങൾ കേരളത്തിൽ പതിവായി മാറിയിരിക്കുകയാണ്. വസ്തുതകളെ വളച്ചൊടിച്ച് പെരുപ്പിച്ചുകാട്ടിയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും പ്രസംഗങ്ങളിൽ നിന്നോ അഭിമുഖങ്ങളിൽ നിന്നോ ചില വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം സംഘടിത സൈബർ വേട്ടകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക വിയോഗത്തിന് പിന്നാലെ, അദ്ദേഹത്തിനും ദുഃഖത്തിലാണ്ട കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയ അങ്ങേയറ്റം അപലപനീയവും മനുഷ്യത്വരഹിതവുമായ സൈബർ ആക്രമണങ്ങൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മരണത്തെപ്പോലും നിന്ദ്യമായ രാഷ്ട്രീയ-വ്യക്തിവിരോധം തീർക്കാനുള്ള ആയുധമാക്കുന്ന രീതി പരിഷ്കൃത സമൂഹത്തിന് തീരാക്കളങ്കമാണ്. മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന ഇത്തരം വിദ്വേഷ പ്രചാരകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കാൻ ഭരണകൂടവും പൊലീസും അടിയന്തരമായി തയ്യാറാകണം.
സമൂഹത്തിൽ സൗഹാർദപരമായി കഴിയുന്ന ജനവിഭാഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ഭിന്നതയും വിതച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കാനും ഇത്തരം സൈബർ ഗുണ്ടാ സംഘങ്ങൾ നിരന്തരം ശ്രമിക്കുന്നു. സമൂഹം ചർച്ച ചെയ്യേണ്ട യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടാനും ഈ അസത്യപ്രചാരണങ്ങളെ ചിലർ സമർത്ഥമായി ആയുധമാക്കുന്നുണ്ട്.
ഈ ഭീഷണികളെ ഭരണകൂടം നിസ്സാരമായോ ഒറ്റപ്പെട്ടതായോ കാണരുത്. കൃത്യമായ ആസൂത്രണത്തോടെ വ്യക്തിഹത്യ നടത്തുന്ന സൈബർ കേന്ദ്രങ്ങളെയും അവരുടെ പിന്നിലെ സാമ്പത്തിക-രാഷ്ട്രീയ സ്രോതസ്സുകളെയും കണ്ടെത്തി കർശനമായി നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുകളുണ്ടാകണം. ഒപ്പം, വിദ്വേഷ പ്രചാരണങ്ങൾക്ക് ചെവികൊടുക്കാതെ, നന്മയും സത്യവും തിരിച്ചറിഞ്ഞ് പ്രതികരിക്കാനും ജാഗ്രത പുലർത്താനും ജനാധിപത്യവിശ്വാസികളായ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണം.
- ഫാ. ഡോ. ആന്റണി എൽ. (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)