കന്യാസ്ത്രീകള്‍ക്കായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: വിവിധ മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളില്‍ സന്യസ്ത ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സ്ത്രീസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു.
പദ്ധതിയുടെ അര്‍ഹതാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന് തുല്യമായ തുകയാണ് ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം ലഭിക്കുക.
കേരളത്തില്‍ സ്ഥിരതാമസക്കാരായവരും, വിവിധ മതസ്ഥാപനങ്ങളുടെ കീഴിലുള്ള മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുമായ സ്ത്രീകള്‍ക്കായിരിക്കും ആനുകൂല്യം.
അപേക്ഷകര്‍ 50 വയസ്സ് പൂര്‍ത്തിയായവരും അവിവാഹിതരുമായിരിക്കണം. സ്വന്തം പേരില്‍ രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി ഉണ്ടാകാന്‍ പാടില്ല.
2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള, ആധുനിക രീതിയില്‍ ഫ്‌ലോറിംഗ് ചെയ്തതോ എയര്‍ കണ്ടീഷണര്‍ ഉള്ളതോ ആയ കോണ്‍ക്രീറ്റ് വീടുകള്‍ സ്വന്തമായി ഉള്ളവര്‍ക്ക് അര്‍ഹതയുണ്ടാവില്ല.
1000 സി.സി.യില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ടാക്‌സി അല്ലാത്ത നാല് ചക്ര വാഹനങ്ങള്‍ സ്വന്തമായി ഉണ്ടാകരുത്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ ശമ്പളമോ സര്‍വീസ് പെന്‍ഷനോ ലഭിക്കുന്നവര്‍ പദ്ധതിക്ക് പുറത്തായിരിക്കും. നിലവില്‍ മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളോ ക്ഷേമനിധി പെന്‍ഷനുകളോ വാങ്ങുന്നവര്‍ക്കും അര്‍ഹതയില്ല.
പ്രതിമാസം 4000 രൂപയില്‍ താഴെ ഇ.പി.എഫ് (ഋജഎ), എന്‍.പി.എസ് (ചജട) അല്ലെങ്കില്‍ എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലോ മറ്റ് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലോ സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ജോലി ലഭിക്കുന്നതോടെ പദ്ധതിയുടെ ആനുകൂല്യം റദ്ദാക്കപ്പെടും.
ഓരോ സമയത്തും സംസ്ഥാനത്ത് നിലവിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുകയാണ് ഈ പദ്ധതിയിലൂടെയും വിതരണം ചെയ്യുക.
മതസ്ഥാപനങ്ങളില്‍ താമസിക്കുന്ന നിര്‍ദ്ധനരായ സന്യസ്തര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം.