16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം. ശരിയായ ദിശയില്‍ ഓസ്ട്രേലിയ
സിഡ്നി: 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ.
ഡിസംബര്‍ 9 അര്‍ധരാത്രി പ്രാബല്യത്തില്‍ വന്ന ഈ നിയമം, പ്രായപൂര്‍ത്തിയാകാത്തവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ സര്‍ക്കാര്‍ നടത്തിയ സുപ്രധാന ചുവടുവയ്പ്പാണ്. കുട്ടികളെക്കാള്‍ ഉപരി പ്ളാറ്റ്ഫോമുകളിലാണ് നിയമം നടപ്പാക്കാനുള്ള ബാധ്യത നിക്ഷിപ്തമായിരിക്കുന്നത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡുകള്‍, യൂട്യൂബ്, ടിക് ടോക്ക്, സ്‌നാപ്ചാറ്റ്, എക്‌സ്, റെഡ്ഡിറ്റ്, ട്വിച്ച്, കിക്ക് എന്നിവയുള്‍പ്പെടെ കുറഞ്ഞത് പത്ത് പ്രധാന സോഷ്യല്‍ മീഡിയകളെയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെയും നിരോധനം ബാധിക്കുന്നു.
വയസില്‍ താഴെയുള്ള യുവാക്കള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ സജീവ അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നത് തടയാന്‍ ഈ കമ്പനികള്‍ 'ന്യായമായ നടപടികള്‍' സ്വീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
ഈ നിയന്ത്രണങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് 50 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 33 ദശലക്ഷം യുഎസ് ഡോളര്‍) വരെ പിഴ ചുമത്തും.
ഡിസംബര്‍ 9 മുതല്‍, 16 വയസിന് താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ പ്ലാറ്റ്‌ഫോമുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. പുതിയ രജിസ്ട്രേഷനുകള്‍ക്കായി പ്രായ പരിശോധനാ സംവിധാനങ്ങളും നടപ്പിലാക്കും.
ഈ നിയമനിര്‍മാണത്തിലൂടെ ഓസ്ട്രേലിയയിലെ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണമായി നിര്‍ത്തുമെന്നൊന്നും കരുതാനാവില്ല. പഴുതടച്ചുള്ള ഒരു നിയമനിര്‍മാണത്തെക്കാള്‍ ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പായിട്ടാവണം ഈ നിയമനിര്‍മാണത്തെ കാണേണ്ടത്.
കാരണം 16 വയസിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെ തന്നെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കാന്‍ നിലവില്‍ തടസമില്ല. കൂടാതെ, ഡിസ്‌കോര്‍ഡ്, വാട്ട്‌സ്ആപ്പ്, സ്റ്റീം ചാറ്റ് പോലുള്ള ചില ജനപ്രിയ ആപ്പുകളെ നിലവിലെ നിയന്ത്രണങ്ങള്‍ ബാധിക്കില്ല.
പ്രധാനമന്ത്രി അല്‍ബനീസ് പറഞ്ഞതുപോലെ സമീപവര്‍ഷങ്ങളിലെ ഓസ്ട്രേലിയിലെ ഏറ്റവും വലിയ സാമൂഹികവും സാംസ്‌കാരികവുമായ ഈ മാറ്റം ആഗോളതലത്തില്‍ അനിവാര്യമായ നിയന്ത്രണങ്ങള്‍ക്കുള്ള നാന്ദിയായി മാറട്ടെ.