ഇന്ത്യയില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെയും സിനിമ താരങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

 
pak celebrity

ഡല്‍ഹി: ഇന്ത്യയില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെയും സിനിമ താരങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അഭിനേതാക്കളായ മവ്റ ഹൊകെയ്ന്‍, സബ ഖമര്‍, അഹദ് റസമിര്‍, യുംന സയ്ദി, ദാനിഷ് തയ്മൂര്‍ കായിക താരങ്ങളായ ഷാഹിദ് അഫ്രിദി, ഷുഹൈബ് അക്തര്‍ അടക്കമുള്ളവരുടെ എക്സ്, യൂട്യൂബ് അക്കൗണ്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ നടത്തിയ അടിയന്തര പുനഃപരിശോധനയിലാണ് തീരുമാനം. ഇന്നലെ അക്കൗണ്ടുകളുടെ വിലക്ക് നീക്കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ വീണ്ടും തീരുമാനത്തില്‍ പുനഃപരിശോധന നടത്തിയത്. താരങ്ങളുടെ അക്കൗണ്ടുകളും ഹം ടിവി, എആര്‍വൈ ഡിജിറ്റല്‍, ഹര്‍ പല്‍ ജിയോ എന്നീ വിനോദ ചാനലുകളും ഇന്ത്യയില്‍ ലഭ്യമായിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ ഇവ വീണ്ടും വിലക്കുകയായിരുന്നു. 'ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ത്ഥന പാലിക്കുന്നതിനാല്‍ ഇന്ത്യയില്‍ അക്കൗണ്ട് ലഭ്യമാകില്ല', എന്നാണ് അക്കൗണ്ടുകളില്‍ കാണിക്കുന്ന സന്ദേശം. പാകിസ്ഥാന്‍ പൗരന്മാരുടെ വിനോദ ഉള്ളടക്കള്‍ക്ക് ഇന്ത്യയില്‍ ശാശ്വതമായ വിലക്ക് വേണമെന്ന് കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) ആവശ്യപ്പെട്ടിരുന്നു.

പാകിസ്ഥാനില്‍ നിന്നുള്ള പൂര്‍ണ ഡിജിറ്റല്‍, സാംസ്‌കാരിക വിച്ഛേദനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പാകിസ്ഥാന്‍ അഭിനേതാക്കളും ചാനലുകളും കാണുന്നത് തീവ്രവാദത്തിന് ഇരയായവരുടെ കുടുംബങ്ങളെ വൈകാരികമായി ആക്രമിക്കുന്നതാണെന്ന് എഐസിഡബ്ല്യുഎ എക്സില്‍ കുറിച്ചു.

Tags

Share this story

From Around the Web