ഹോസ്റ്റലില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടി; വിദ്യാര്‍ഥിനി മരിച്ചു, സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ജാര്‍ഖണ്ഡ്: ജാര്‍ഖജാര്‍ഖണ്ഡിലെ ലോഹാര്‍ഡാഗ ജില്ലയില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന നാല് വിദ്യാര്‍ഥിനികള്‍ക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും മൂന്ന് പേര്‍ ചികിത്സയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.
ജൂലൈ 7-നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് പാമ്പുകടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ നില ഗുരുതരമായതിനാല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ നിലവിലെ ആരോഗ്യനിലയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. റിപ്പോര്‍ട്ടിലുള്ള വിവരങ്ങള്‍ ശരിയാണെങ്കില്‍ വിദ്യാര്‍ഥികളുടെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകള്‍ ഉയരുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു.
സംഭവത്തിന് പിന്നാലെ സ്‌കൂള്‍ ഹോസ്റ്റലിലെ സുരക്ഷാ സംവിധാനങ്ങള്‍, കെട്ടിടപരിസരത്തെ ശുചിത്വം, പാമ്പുകള്‍ കയറാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്നിവയും അധികൃതര്‍ പരിശോധിച്ചുവരികയാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പ്രാദേശിക ഭരണകൂടവും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.