മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുന്നത് പ്രശ്‌നപരിഹാരങ്ങളെ തടസ്സപ്പെടുത്തും: മാര്‍പാപ്പ

 
leo papa

മറ്റുള്ളവരെക്കുറിച്ച് അപവാദവും കുറ്റവും പറയുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുകയും കാര്യങ്ങളെ നിശ്ചലമാക്കുകയുമാണ് ചെയ്യുകയെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനിലെ അപ്പോസ്‌തോലിക കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ആഗസ്റ്റ് ആറിന് ആഞ്ചലൂസ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പാപ്പ.

സുവിശേഷ വചനങ്ങളെ ആസ്പദമാക്കി പരസ്പര സ്‌നേഹവും സഹോദര തുല്യമായ തിരുത്തലുകളും എങ്ങനെ പ്രായോഗികമാക്കാമെന്ന് വിശദീകരിക്കുകയായിരുന്നു മാര്‍പാപ്പ. മറ്റുള്ളവരോട് പരാതി പറയുന്നതും കുറ്റം സംസാരിക്കുന്നതുമാണ് പലര്‍ക്കും എളുപ്പമുള്ള കാര്യം. എന്നാല്‍ അത് യാതൊരു പരിഹാരവും നല്‍കുന്നില്ലെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

തിരുത്തല്‍ എന്നത് മറന്നുപോയതും എന്നാല്‍ വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടതുമായ ഒരു കലയാണെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. നേരിട്ടും തുറന്ന മനസ്സോടെയും കാര്യങ്ങള്‍ പറയുകയും അതേസമയം ബന്ധങ്ങള്‍ തകരാതെ കാത്തുസൂക്ഷിക്കുകയുമാണ് ക്രൈസ്തവ രീതി. ക്രിസ്ത്യാനികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ എപ്പോഴും പരസ്പര സ്‌നേഹം മാത്രമായിരിക്കണം ബാക്കിയുണ്ടാകേണ്ടത്. പ്രാര്‍ഥനയിലൂടെയും തുറന്ന സംഭാഷണങ്ങളിലൂടെയും പരസ്പരം ക്ഷമിക്കാനും കേള്‍ക്കാനും സാധിക്കുമ്പോഴാണ് ക്രിസ്തീയ കൂട്ടായ്മ കൂടുതല്‍ ശക്തമാകുന്നതെന്നും അവിടുന്ന് കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web