ആറുവയസുകാരന്‍ 200 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി; ജെല്ലി ഫിഷ് പോലുള്ള സമുദ്രജീവിയെന്ന് ഗവേഷകര്‍
 

 
JEELLY FISH

ജെല്ലിഫിഷിന് സമാനമായ സമുദ്രജീവിയുടെ 200 വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി ആറുവയസുകാരന്‍. ലിയോ യങ്ഡല്‍ എന്ന കുട്ടിയാണ് നെബ്രസ്‌കയിലെ പാര്‍ക്കില്‍ റോക്ക് ആന്റ് റാഫ്റ്റിങ് പരിപാടിക്കിടെ പാറക്കഷ്ണത്തില്‍ അസാധാരണമായ അടയാളം കണ്ടെത്തിയത്.


 ക്രിനോയിഡ് (വാട്ടര്‍ ലില്ലിയുടെ രൂപത്തിലുള്ള കടല്‍ ജീവി) ഫോസിലാണെന്ന് കരുതിയാണ് പാറക്കഷ്ണം എടുത്തത്. പക്ഷേ അതില്‍ അസാധാരണമായ ഒരു പാറ്റേണ്‍ കണ്ടപ്പോള്‍ ഒരിനം പാമ്പിന്റെ വയറിന്റെ ഭാഗമാണെന്ന് കരുതി. ഇതോടെയാണ് കല്ലുമായി അധികൃതരെ സമീപിച്ചത്. 


കല്ല് പരിശോധിച്ച ഗവേഷകരും ഞെട്ടി. ഇതുപോലെയൊരു സ്പീഷിസിന്റേത് ഇതുവരെയും കണ്ടിട്ടില്ല' എന്നായിരുന്നു ഔട്ട്‌ഡോര്‍ എജ്യുക്കേഷന്‍ സ്‌പെഷലിസ്റ്റായ കെല്ലി യൂക്ക് പറഞ്ഞത്. ഏഴു വര്‍ഷമായി താന്‍ ഈ സ്ഥലത്ത് ഇത്തരത്തിലുള്ള പരിപാടികള്‍ നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 


യൂക്കിന് പാറ കണ്ടിട്ട് മനസിലാവാതിരുന്നതോടെ ജിയോളജിസ്റ്റിന് ഫോട്ടോ അയച്ചുനല്‍കി. അദ്ദേഹം അത് വിദ്ഗധരുമായി പങ്കുവച്ചു. ഇതോടെയാണ് ജെല്ലി ഫിഷിന്റെ പോലെ ശരീരമുണ്ടായിരുന്ന തലകുത്തനെയുള്ള പിരമിഡ് പോലെ തോന്നിപ്പിക്കുന്ന 2.75 ഇഞ്ച് മാത്രം വലിപ്പമുള്ള കനുലാരിഡ് എന്നയിനം കടല്‍ജീവിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.


 ഏകദേശം 200 മുതല്‍ 500 മില്യണ്‍ വരെ വര്‍ഷം മുന്‍പാണ് കനുലാരിഡുകള്‍ ജീവിച്ചിരുന്നത്. തീരെ മൃദുവായ ശരീരമായതിനാലും നേര്‍ത്ത അസ്ഥികൂടമായതിനാലും ഇവയുടെ ഫോസിലുകള്‍ അത്ര സാധാരണമായി കണ്ടെത്തിയിട്ടേയില്ല. 

55 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നെബ്രസ്‌കയില്‍ നിന്ന് ഇതിന് മുന്‍പ് കനുലാരിഡിന്റെ ഫോസില്‍ കണ്ടെത്തിയത്. പാറയില്‍ അസാധാരണ അടയാളം കണ്ടതും ഫോസിലാണെന്ന് ലിയോയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് യൂക്ക് പ്രശംസിച്ചു. 


മാമോത്തിന്റെ അസ്ഥി കണ്ടെത്തിയത് പോലെയുള്ള സന്തോഷമാണ് തനിക്കിപ്പോഴെന്ന് ലിയോ പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. താന്‍ കണ്ടെത്തിയ ഫോസില്‍ ലിയോ ഷ്‌റം പാര്‍ക്കിന് സമ്മാനിച്ചു. വിദ്യാഭ്യാസ പരിപാടികളില്‍ ഇത് പ്രദര്‍ശിപ്പിക്കാനാണ് പാര്‍ക്ക് അധികൃതരുടെ തീരുമാനം. 

Tags

Share this story

From Around the Web