ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുത്തിക്കൊന്ന് നാലംഗസംഘം,മൃതദേഹംം തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുത്തിക്കൊന്ന് നാലംഗസംഘം. ഡല്‍ഹി സ്വരൂപ് റോഡിലെ കുശാക് റോഡിന് സമീപമാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മൃതദേഹം തുറസായ സ്ഥലത്ത് ഉപേക്ഷിച്ചു.
ദിവസങ്ങള്‍ പഴക്കമുള്ളതും ജീര്‍ണിച്ചതുമായ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാത്തവര്‍ ആണ്. ബിഎന്‍എസ്, പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
പ്രദേശത്തെ അമ്പതോളം സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന ടെമ്പോ വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
പ്രതികളും പെണ്‍കുട്ടിയും പരിചയക്കാരായിരുന്നു. പെണ്‍കുട്ടി യാത്ര ചെയ്തിരുന്ന ടെമ്പോയിലാണ് പ്രതികളും യാത്ര ചെയ്തിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ കൈ ശരീരത്തില്‍ നിന്ന് വേറിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാതായിട്ടും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ലെന്നും അന്വേഷണം സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബര്‍ 13നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളില്‍ ഒരാള്‍ ഖദ്ദയിലെ താമസക്കാരനായ ശിവം എന്ന സുദാമ എന്നയാളാണെന്നും പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ 16ഉം 17ഉം വയസുള്ളവരാണ്.