കോവളത്തെ സ്പായില്‍ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

 
NIMESH SAJITH


തിരുവനന്തപുരം: ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ  കോവളത്തെ വിവിധ സ്പാകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ അംഗം ഡോ. എഫ്. വില്‍സണ്‍ ആണ് നടപടി സ്വീകരിച്ചത്. അതീവ ഗൗരവകരമായ സംഭവമാണിതെന്നും പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കോവളം പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കടയില്‍നിന്നു പെണ്‍കുട്ടിയെയും യുവാവിനെയും കോവളം പോലീസ് പിടികൂടിയത്. പിന്നീട്, പെണ്‍കുട്ടിയെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ നടത്തിയ കൗണ്‍സിലിങ്ങില്‍ താന്‍ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി അറിയിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയെ ഒരു വര്‍ഷം മുമ്പാണ് കോവളത്ത് എത്തിച്ചത്. അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടര്‍ന്ന് ജോലിക്കെത്തിയതാണ് എന്നു പറഞ്ഞാണ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആണ്‍സുഹൃത്ത് ഗോപിയും ചേര്‍ന്ന് കുട്ടിയെ കോവളത്തെത്തിച്ചത്. തുടര്‍ന്ന് പ്രതികളുടെ സ്പാകളിലും മറ്റിടങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നു. ഒരുവര്‍ഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.
പീഡനം സഹിക്കവെയ്യാതെ, സ്പായില്‍ തന്നെയുള്ള ആണ്‍സുഹൃത്തായ കാട്ടാക്കട സ്വദേശിയോടൊപ്പം പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പായിലെ ജീവനക്കാരായ സജിത്ത് കുമാര്‍, നിഷാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. പെണ്‍കുട്ടി മറ്റ് ആരോടെങ്കിലും പീഡനത്തിനോ ചൂഷണത്തിനോ ഇരയായിട്ടുണ്ടോ എന്നതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags

Share this story

From Around the Web