ആറു വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രതിനിധിയെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ആറു വര്‍ഷമായി ക്രൈസ്തവ പ്രതിനിധി ഇല്ലാതിരുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഗോവയിലെ മുന്‍ ബിജെപി എംഎല്‍എ ഗ്ലെന്‍ ഇ സൂസ ടിക്ലൊയെയും നിയമിച്ചു. നിലവില്‍ കമ്മീഷനിലെ അംഗമായ ഹജ്ജ് കമ്മിറ്റി മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. മുനവാരി ബീഗത്തെ കമ്മീഷന്റെ ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.
ഒന്നര വര്‍ഷമായി ഒഴിഞ്ഞുകിടന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷസ്ഥാനവും കേന്ദ്രസര്‍ക്കാര്‍ നികത്തിയിട്ടുണ്ട്. പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ജിത് സിംഗ് ഗ്രെവാളിനെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു.
പുതിയ നിയമനങ്ങളോടെ കമ്മീഷനില്‍ അധ്യക്ഷനുള്‍പ്പെടെ നാല് അംഗങ്ങളായി. 2020ല്‍ മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്ഥാനം ഒഴിഞ്ഞശേഷം കമ്മീഷനിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. കമ്മീഷനില്‍ ഇനിയും മൂന്ന് അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്.