ആധുനിക കാലഘട്ടത്തിലെ കുട്ടികളില്‍ നന്ദിയുള്ള മനസ്സ് രൂപപ്പെടുത്താനുള്ള ആറ് വഴികള്‍

 
FAMILY



നന്ദിയുള്ളവരാകുക എന്നത് ജീവിതവിജയത്തിന് അനിവാര്യമായ ഒന്നാണ്. നന്ദിപറയുക, നന്ദിയുള്ള മനസ്സുണ്ടായിരിക്കുക എന്നത് മക്കളില്‍ വളര്‍ത്തിയെടുക്കേണ്ട ഒരു സ്വഭാവഗുണമാണ്. അതിനുള്ള പരിശീലനം ചെറുപ്പത്തിലേതന്നെ മക്കള്‍ക്ക് കൊടുക്കുക. 


നന്ദിയുള്ള ഒരു മനസ്സ് അത്ര പെട്ടെന്ന് രൂപപ്പെടുന്ന ഒന്നല്ല. കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍തന്നെ അതിനുള്ള പരിശീലനം നല്‍കേണ്ടത് ആവശ്യമാണ്.

മനുഷ്യരോടുള്ള നന്ദിപ്രകാശനം മാത്രമല്ല, ദൈവത്തോടും നന്ദിപ്രകാശിപ്പിക്കാന്‍ മക്കള്‍ക്ക് പരിശീലനം നല്‍കേണ്ടത് ആവശ്യമാണ്. വെറും വാക്കുകളില്‍മാത്രം ഒതുങ്ങേണ്ടതല്ല നന്ദിപ്രകടനം; ജീവിതത്തിലൂടെയാണ് അത് പ്രകടമാക്കേണ്ടത്. 


ദൈവം നിങ്ങളെ ശരിക്കും അനുഗ്രഹിച്ചതായി നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍, മറ്റുള്ളവരെ സേവിക്കാന്‍ ഈ അനുഗ്രഹങ്ങള്‍ ഉപയോഗിക്കാനും അവന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നാം ഓര്‍മ്മിക്കേണ്ട ഒരു കാര്യമാണിത്. നന്ദിയുള്ള മനസ്സ് രൂപപ്പെടുത്താന്‍ മക്കളെ സഹായിക്കുന്ന ആറ് കാര്യങ്ങള്‍ ഇതാ...


1. 'നന്ദി' പറയുന്നതിനെക്കുറിച്ച് സംസാരിക്കുക

'നന്ദി' എന്ന വാക്ക് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. നന്ദി പറയുന്നത് വെറും അധരവ്യായാമമായി മാറാതിരിക്കാന്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുക. കുട്ടികള്‍ മറ്റൊരാളോട് 'നന്ദി' പറയുമ്പോള്‍, അവര്‍ എന്തിനാണ് നന്ദിപറയുന്നതെന്ന് മാതാപിതാക്കള്‍ക്ക് അവരോട് ചോദിക്കാം. നന്ദിപറയാനുണ്ടായ സാഹചര്യം, കാരണം എന്നിവ മനസിലാക്കാന്‍ പരിശ്രമിക്കുക. നന്ദിപറയാത്ത സാഹചര്യങ്ങളെ അതിനായി പ്രചോദിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

2. മക്കളുടെ മാതൃകാപരമായ തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കുക

മാതാപിതാക്കള്‍, തങ്ങളുടെ പക്കലുള്ള പണം ചെലവഴിക്കേണ്ടത് എപ്രകാരമാണെന്ന് മനസ്സിലാക്കാന്‍ മക്കളെ സഹായിക്കണം. സമ്പാദ്യം, ദാനശീലം, ചെലവ്  ഏത് കാരണത്തിനുവേണ്ടിയാണ് പണം നല്‍കേണ്ടതെന്ന് തീരുമാനിക്കാന്‍ കുട്ടികളെ അനുവദിക്കുക എന്നതാണ് പ്രധാനം. പാവപ്പെട്ടവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കുന്നതോ, ദാനം നല്കുന്നതോ ആയ കാര്യങ്ങള്‍ മക്കള്‍ സ്വയം തീരുമാനിക്കട്ടെ. ഇങ്ങനെയുള്ള നല്ല തീരുമാനങ്ങളെടുക്കാന്‍ നിങ്ങളുടെ കുട്ടികളെ സഹായിക്കുക.

3. ലോകത്തിലെ വിഷമകരമായ അവസ്ഥകളെക്കുറിച്ച് മക്കളെ ബോധ്യപ്പെടുത്തുക

നമ്മളില്‍ പലരും, ആഫ്രിക്കയില്‍ പട്ടിണികിടക്കുന്ന കുട്ടികളുണ്ട് എന്ന് കേട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പട്ടിണികിടന്നു മരിക്കുന്ന നിരവധിപേരുണ്ട്. ശാരീരിക- മാനസികവിഷമതകളിലൂടെ കടന്നുപോകുന്നവരെക്കുറിച്ച് മക്കള്‍ക്ക് പറഞ്ഞുകൊടുക്കുക. അപ്രകാരം ചെയ്യുന്നത് മക്കള്‍ക്ക് പാവപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും തങ്ങള്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ത്ത് നന്ദിപറയാനുമുള്ള ഒരു മനസ് രൂപപ്പെടുത്തും. സഹാനുഭൂതിയും നന്ദിയും വളര്‍ത്തിയെടുക്കാന്‍ ഇത് അവരെ സഹായിക്കും.

4. മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുക എന്നത് ഒരു കുടുംബകാര്യമാക്കുക

ഒരു കുടുംബമെന്ന നിലയില്‍ നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലമുണ്ടെങ്കില്‍, മറ്റുള്ളവരെ സഹായിക്കാന്‍ ആ അവസരം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടേറിയ ചില അനുഭവങ്ങളില്‍ നിന്നും അപ്രകാരം വേദന അനുഭവിക്കുന്ന മറ്റനേകം പേരെ മനസ്സിലാക്കാനുള്ള സാഹചര്യം കുടുംബങ്ങളില്‍ ഒരുക്കുക. മക്കള്‍ക്ക് അങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. മറ്റുള്ളവരെ സഹായിക്കാനുള്ള കാരണം ബോധ്യപ്പെടുത്തി സേവനങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് നല്ല മാതൃക കൊടുംബത്തില്‍ നിന്നുതന്നെ ആരംഭിക്കാം.

5. ഒരു പോസിറ്റീവ് റോള്‍ മോഡല്‍ ആകുക

മാതാപിതാക്കള്‍ പരാതിപ്പെടുകയോ, നന്ദികേട് കാണിക്കുകയോ ചെയ്യുമ്പോള്‍ ആ സ്വഭാവം മക്കളിലേക്കും വന്നുചേരും. മക്കള്‍ക്കും നന്ദിയുള്ള മനോഭാവം വളര്‍ത്തിയെടുക്കാന്‍ പ്രയാസമാകും. അതിനാല്‍ മാതാപിതാക്കള്‍, മക്കള്‍ക്ക് നല്ല മാതൃകകളാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

6. ദൈവത്തിന് നന്ദി പറയുക

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ദൈവം നല്‍കിയ ജീവിതത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ടുള്ള ഒരു ജീവിതം നയിക്കുക എന്നതാണ്. ഭക്ഷണത്തിനുമുമ്പ്, ഉറങ്ങുന്നതിനുമുന്‍പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒക്കെ ദൈവത്തിന് നന്ദിപറയാനും പ്രാര്‍ഥിക്കാനും ഒക്കെ സമയം കണ്ടെത്തുക.

Tags

Share this story

From Around the Web