വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണ്ണമായി പങ്കുചേരാന്‍ സഹായിക്കുന്ന ആറ് കാര്യങ്ങള്‍
നിശ്ശബ്ദതയും ശ്രദ്ധയും ദൈവത്തോടുള്ള സമര്‍പ്പണവും വീണ്ടെടുത്തുകൊണ്ട് കത്തോലിക്കര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ കൂടുതല്‍ ആഴത്തില്‍ പങ്കുചേരാന്‍ സഹായിക്കുന്ന ലളിതമായ ഒരു മാര്‍ഗരേഖ ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ ഫാദര്‍ മാര്‍ക്ക്-മേരി ഏംസ് പങ്കുവയ്ക്കുന്നു. കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രീതിയെക്കുറിച്ച് പുനര്‍ചിന്തനം നടത്താനും ഇത് സഹായിക്കും.
1. വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് എത്തുക
അവസാന നിമിഷം ഓടിയെത്തി ബെഞ്ചില്‍ ഇരിക്കുന്നതിന് പകരം, അല്പസമയം പ്രാര്‍ഥനയ്ക്കായി മാറ്റിവെക്കുക. നിങ്ങളുടെ സന്തോഷങ്ങളും പ്രയാസങ്ങളും പ്രാര്‍ഥനാനിയോഗങ്ങളും ദൈവത്തിന് സമര്‍പ്പിക്കുകയും വിശുദ്ധ കുര്‍ബാനയ്ക്കായി ഹൃദയത്തെ ഒരുക്കുകയും ചെയ്യുക.
2. വിശുദ്ധ കുര്‍ബാനയ്ക്ക് വരുമ്പോള്‍ ഫോണ്‍ കൊണ്ടുവരാതിരിക്കുക
മിക്ക ആളുകളെ സംബന്ധിച്ചും ലോകകാര്യങ്ങള്‍ക്ക് ഒരു മണിക്കൂര്‍ കാത്തിരിക്കാനാകും. തടസ്സങ്ങളോ ശ്രദ്ധാതിരിവുകളോ ഇല്ലാതെ വിശുദ്ധമായ ആ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. വിശുദ്ധ കുര്‍ബാനയ്ക്ക് വരുമ്പോള്‍ ഫോണ്‍ കൊണ്ടുവരാതിരിക്കുക.
3. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് അന്നത്തെ തിരുവചനങ്ങള്‍ വായിക്കുക
വീട്ടില്‍ വച്ചോ അല്ലെങ്കില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പുള്ള ആ 10 മിനിറ്റ് നിശബ്ദതയിലോ അന്നത്തെ വായനകള്‍ മുന്‍കൂട്ടി വായിക്കുന്നത് വിശുദ്ധ കുര്‍ബാനയില്‍ കൂടുതല്‍ ആഴത്തില്‍ പങ്കുചേരാന്‍ സഹായിക്കും.
4. ദിവ്യകാരുണ്യം സ്വീകരിച്ച ശേഷം കണ്ണുകള്‍ അടയ്ക്കുക
ഈശോയെ ദിവ്യകാരുണ്യത്തില്‍ സ്വീകരിച്ച ശേഷം, ചുറ്റും നോക്കാനുള്ള പ്രേരണയെ ചെറുക്കുക. പ്രാര്‍ത്ഥനാപൂര്‍വമായ മനസ്സോടെ ഇരിക്കുക, അവിടുത്തോട് സംസാരിക്കുക, ഈശോയോടൊപ്പം ആയിരിക്കുക.
5. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നന്ദി അര്‍പ്പിക്കുക
വിശുദ്ധ കുര്‍ബാന കഴിഞ്ഞയുടന്‍ ധൃതിപിടിച്ച് പുറത്തേക്ക് പോകുന്നതിന് പകരം, ദൈവത്തിന് നന്ദി പറയാന്‍ കുറച്ച് മിനിറ്റുകള്‍ മാറ്റിവെക്കുക. ദിവ്യകാരുണ്യത്തിന്റെ കൃപ മനസ്സില്‍ നിറയാന്‍ അനുവദിക്കുക.
6. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുറഞ്ഞത് ഒരാളോടെങ്കിലും സംസാരിക്കുക
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പോകുന്നതിന് മുമ്പ് ആരെയെങ്കിലും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുക. ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കുക. ഇടവക എന്നത് കേവലം ഒരു കെട്ടിടമല്ല; അത് ദൈവജനമാണ്.