സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് മരണം. 65 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ 1465 പേര്‍ ക്യാമ്പുകളിലുണ്ട്. സജ്ജമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി സര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ 1465 പേര്‍ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
17 വീടുകള്‍ പൂര്‍ണമായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വൈകീട്ട് ആറുമണി വരെ ആറ് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായി.
കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ വിവിധ സേനാവിഭാഗങ്ങള്‍ തുടരുകയാണ്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി മറ്റു ജില്ലകളില്‍ നിന്നും വള്ളങ്ങള്‍ ആവശ്യാനുസരണം എത്തിച്ചിട്ടുണ്ട്.
വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മേഖലയില്‍ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയില്‍ 177 മില്ലി മീറ്റര്‍ മഴ പെയ്തു.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണ് എന്ന് ജനപ്രതിനിധികള്‍ അറിയിച്ചു.
സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.