അധികാരത്തിലേറി ആറ് മാസം പിന്നിട്ടിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
തിരുവനന്തപുരം: അധികാരത്തിലേറി ആറ് മാസം പിന്നിട്ടിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി.
ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 2027-28 അബ്കാരി വര്‍ഷത്തെ മദ്യനയം പ്രഖ്യാപിക്കാന്‍ കേവലം നാല് മാസം മാത്രം ശേഷിക്കെ, 2026-ലെ മദ്യനയം രൂപീകരിക്കാന്‍ ആറ് മാസത്തെ തയ്യാറെടുപ്പുകള്‍ പോലും തികയാത്ത അവസ്ഥയാണുള്ളതെന്ന് സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള കുറ്റപ്പെടുത്തി.
ഈ മാസവും പുതിയ മദ്യനയത്തിന് 'ശാപമോക്ഷം' ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നയരൂപീകരണത്തിനായി ഉപസമിതിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇതിലൂടെ തയ്യാറാകുന്ന നയം മുന്നണി യോഗത്തിലേക്ക് (യു.ഡി.എഫ്.) അയയ്ക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
നിലവിലെ സാഹചര്യത്തില്‍ മുന്നണി യോഗം ചേരാന്‍ തടസ്സങ്ങളുള്ളതിനാല്‍ ഉടന്‍ ഒരു നയപ്രഖ്യാപനത്തിന് സാധ്യത വിരളമാണ്. നയപ്രഖ്യാപനം വൈകിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കം മാത്രമാണ് ഉപസമിതി രൂപീകരണമെന്നും, അതുവരെ മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ദുരിതങ്ങള്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കേണ്ടിവരികയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രസ്താവനകളെയും പ്രസാദ് കുരുവിള വിമര്‍ശിച്ചു.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയം ഇപ്പോഴും തുടരുമ്പോഴും കെ.സി.ബി.സി.യെ കുറ്റപ്പെടുത്തുന്ന എം.ബി. രാജേഷിന്റെ പ്രതികരണങ്ങള്‍, ആ നയം അത്രത്തോളം ദോഷകരമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ മദ്യനയം സൃഷ്ടിച്ച അപകടകരമായ പ്രത്യാഘാതങ്ങളില്‍ നിന്നും എം.ബി. രാജേഷിന് ഒഴിഞ്ഞുമാറാനാവില്ലെന്നും പ്രസാദ് കുരുവിള വ്യക്തമാക്കി.