ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം; അന്വേഷണം കാശിയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്
കണ്ണൂര്‍:കണ്ണൂര്‍ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അന്വേഷണം കാശിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ക്രൈംബ്രാഞ്ച് എസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശിവസൂര്യയെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതായത്. മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പെഴുതിവെച്ചാണ് ശിവസൂര്യ നാടുവിട്ടത്. മൂന്ന് മാസം പിന്നിട്ടിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.