കാണാമറയത്ത് ശിവസൂര്യ, കാശിക്ക് പോയ 17കാരന് എവിടെ?; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കണ്ണൂര്: പെരിങ്ങത്തൂരിലെ 17കാരന് ശിവസൂര്യയുടെ തിരോധാനത്തില് ക്രൈംബ്രാഞ്ച് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂര് യൂണിറ്റിലെ ഡിവൈഎസ്പി കെ.സനില്കുമാറിന് അന്വേഷണച്ചുമതല. ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില് വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സംഭവത്തില് വാരണാസിയില് നടത്തിയ പരിശോധനയ്ക്കു ശേഷം പൊലീസ് അന്വേഷണസംഘം മടങ്ങിയിരുന്നു. വാരണാസിയില് കുട്ടി എത്തിയതിനെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭിക്കാത്തതിനെ തുടര്ന്നാണ് രണ്ടുപേരടങ്ങുന്ന അന്വേഷണസംഘം അവിടെ നിന്നും മടങ്ങിയത്.
ആഗസ്റ്റ് എട്ടിനാണ് മൊബൈല് ഫോണ് വീട്ടുകാര് വാങ്ങി വെച്ചതിലുള്ള മനോവിഷമത്തില് കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തില് അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത്.
കാണാതായി മാസങ്ങള് പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പെരിങ്ങത്തൂര്, പാനൂര്, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയില്വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് മുന്പ് അന്വേഷണം നടത്തിയിരുന്നു.