സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ സ്‌പെയിനില്‍ പ്രദര്‍ശനത്തിന്
മാഡ്രിഡ്: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹാംഗവും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ''ഫേസ് ഓഫ് ദി ഫെയ്സ്ലെസ്'' സിനിമ സ്‌പെയിനില്‍ പ്രദര്‍ശനത്തിന്.
2023-ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ സിനിമ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയതിന് ശേഷമാണ് സ്‌പെയിനില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.
സ്പാനിഷ് ഭാഷയില്‍ ഇറക്കിയ സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടിയിരിന്നു. ആദ്യം ഹിന്ദിയിലാണ് സിനിമ പുറത്തിറക്കിയിരിന്നത്. പിന്നീട് വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനിടയില്‍ ജീവിച്ചുകൊണ്ട് മാനവികതയുടെ ഉന്നമനത്തിനായി നിസ്വാര്‍ത്ഥമായി പരിശ്രമിക്കുകയും, ജീവിതത്തിലെ പരിതാപകരമായ അവസ്ഥകളെ തരണം ചെയ്യുവാന്‍ പാവങ്ങളായ ആളുകള്‍ക്ക് സഹായം നല്‍കുകയും ചെയ്തതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതക്കഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
'ഇന്‍ഡോര്‍ റാണി' എന്ന പേരിലാണ് ഗ്രാമവാസികളെല്ലാവരും സിസ്റ്ററിനെ ഇന്നും അഭിമാനത്തോടുകൂടി ഓര്‍ക്കുന്നത്.
ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിനേതാക്കളാണ് രണ്ടു മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയില്‍ വേഷമിട്ടിരിക്കുന്നത്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ വിന്‍സി അലോഷ്യസാണ് സിനിമയില്‍ സിസ്റ്റര്‍ റാണി മരിയയായി വേഷമിട്ടിരിക്കുന്നത്.
പദ്മശ്രീ കൈതപ്രത്തിന്റെ വരികള്‍ക്ക് നിരവധി ഇന്ത്യന്‍ സിനിമകള്‍ക്കു സംഗീതം നല്‍കിയ അല്‍ഫോന്‍സ് ജോസഫാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
2023 നവംബര്‍ 22ന് പൊതു സദസ്സിനിടെ, സംവിധായകന്‍ ഷൈസണ്‍ പി. ഔസേഫും നിര്‍മ്മാതാവ് സാന്ദ്ര ഡിസൂസ റാണയും, ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുകയും, ചിത്രത്തെ പരിചയപ്പെടുത്തുകയും ചെയ്തിരിന്നു.
ഈ സിനിമ താന്‍ കാണുമെന്ന് പാപ്പാ ഉറപ്പുനല്‍കുകയും, സിനിമയുടെ വിജയത്തിനും, അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രാര്‍ത്ഥനാശംസകളും പാപ്പാ നല്‍കിയിരിന്നു. ചിത്രം വത്തിക്കാനിലും പ്രദര്‍ശിപ്പിച്ചിരുന്നു.