സിസ്റ്റര്‍ ഹെലന്‍ മേരി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയറക്ടര്‍; ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
ബംഗളൂരു: കാത്തലിക് ഹെല്‍ത്ത് അസോസി യേഷന്‍ ഓഫ് ഇന്ത്യയുടെ (ഛായ്) ഡയറക്ടറായി സിസ്റ്റര്‍ ഡോ. ഹെലന്‍ മേരി ആന്റണി (Sr Helen Mary) തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ മെഡിക്കല്‍ ശൃംഖലയായ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 83 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.
ഒരു വര്‍ഷമായി സിസ്റ്റര്‍ അസോസിയേഷന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ സിസ്റ്ററിന് ആശുപത്രി മാനേജ്മെന്റിലും മെഡിക്കല്‍ ശുശ്രൂഷാ രംഗത്തും ദീര്‍ഘകാലത്തെ അനുഭവപരിചയമുണ്ട്. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആനി സഭാംഗമായ സിസ്റ്റര്‍ മെയ് 1-ന് ചുമതലയേല്‍ക്കും.
സിസ്റ്റര്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ‘സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ’-യിലും സിസ്റ്റര്‍ ഹെലന്‍ സജീവമാണ്.
ബംഗളൂരു സ്വദേശിയായ സിസ്റ്റര്‍ ഹെലന്‍ 16-ാം വയസിലാണ് സന്യാസ ജീവിതം തിരഞ്ഞെടുത്തത്.
ഓസ്ട്രേലിയന്‍ മിഷനറിയായ സിസ്റ്റര്‍ മേരി ഗ്ലോറിയാണ് 1943-ല്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചത്.