യുദ്ധം തകര്‍ത്ത സിറിയയില്‍ ക്രിസ്തുവിന്റെ സാക്ഷിയായി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ആനിക്ക് ധീരതാ പുരസ്‌കാരം

 
karunyaam


ലണ്ടന്‍: ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ ജീവന്‍ പണയം വെച്ചും രോഗികള്‍ക്കും പ്രായമായവര്‍ക്കും അത്താണിയായി മാറിയ കത്തോലിക്കാ സന്യാസിനി സിസ്റ്റര്‍ ആനി ഡെമര്‍ജിയാന് രാജ്യാന്തര കത്തോലിക്കാ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' (ACN) നല്‍കുന്ന പ്രത്യേക ധീരത പുരസ്‌കാരം. കടുത്ത മതപീഡനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് അടിയുറച്ച വിശ്വാസവും ധീരമായ സാക്ഷ്യവും പ്രകടിപ്പിക്കുന്ന വ്യക്തികള്‍ക്കായി എസിഎന്‍ യുകെ ഏര്‍പ്പെടുത്തിയ 'കറേജ് ടു ബി ക്രിസ്ത്യന്‍' അവാര്‍ഡിനാണ് ജീസസ് ആന്‍ഡ് മേരി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ ആനി അര്‍ഹയായത്.


നവംബര്‍ 18 പീഡിത ക്രൈസ്തവരെ പ്രത്യേകം അനുസ്മരിക്കുന്ന 'ചുവപ്പ് ബുധനാഴ്ച' വൈകുന്നേരം 6 മണിക്ക് സൗത്ത്വാര്‍ക്കിലെ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ പുരസ്‌കാരം സമ്മാനിക്കും. പീഡനങ്ങള്‍ക്കിടയിലും അടിയുറച്ച വിശ്വാസത്തോടും സമര്‍പ്പണത്തോടും കൂടി ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നിലകൊള്ളുന്ന നൂറുകണക്കിന് ക്രിസ്തു വിശ്വാസികള്‍ക്ക് കൂടിയുള്ളതാണ് ഈ അംഗീകാരമെന്നും ഒത്തിരി സന്തോഷമുണ്ടെന്നും സിസ്റ്റര്‍ ആനി പറഞ്ഞു.


കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സിറിയയില്‍ ജീവകാരുണ്യ ആത്മീയ ആതുര സേവനരംഗത്ത് സജീവ സാന്നിധ്യമാണ് സിസ്റ്റര്‍ ആനി. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതത്തിലായ അലപ്പോ, ദമാസ്‌കസ് നഗരങ്ങളിലും ലെബനോനിലും ആയിരക്കണക്കിന് ആളുകള്‍ക്ക് അടിയന്തര സഹായം, ഭക്ഷണം, മരുന്നുകള്‍, ആത്മീയ പിന്തുണ എന്നിവ എത്തിക്കുന്നതില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ സിസ്റ്റര്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കുകയാണ്.


സിറിയന്‍ ആഭ്യന്തരയുദ്ധം ഏറ്റവും രൂക്ഷമായ ഘട്ടത്തില്‍ പോലും അലപ്പോ നഗരം വിട്ടുപോകാന്‍ സിസ്റ്റര്‍ തയ്യാറായിരിന്നില്ല. ബോംബാക്രമണങ്ങളും ഭീഷണികളും വകവെക്കാതെ നിരാലംബരായ കുടുംബങ്ങളെയും വയോധികരെയും ചേര്‍ത്തുപിടിച്ച സിസ്റ്റര്‍, യുദ്ധക്കെടുതി അനുഭവിച്ച ജനതയ്ക്ക് വലിയൊരു പ്രതീക്ഷയായി മാറി. മാനസികാഘാതം നേരിട്ട കുട്ടികള്‍ക്കായി ആര്‍ട്ട്-മ്യൂസിക് തെറാപ്പി, യുവജന പദ്ധതികള്‍, കുടുംബങ്ങള്‍ക്കായുള്ള ചെറുകിട സ്വയംതൊഴില്‍ സഹായങ്ങള്‍ എന്നിവയും സിസ്റ്റര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിരിന്നു. യുദ്ധഭീഷണിയ്ക്കിടെയിലും സിസ്റ്ററിന്റെ നേതൃത്വത്തില്‍ ഈ സേവനങ്ങള്‍ തുടരുന്നുണ്ട്.

Tags

Share this story

From Around the Web