എസ്‌ഐആര്‍ കരട് വോട്ടര്‍പ്പട്ടിക: 'ഭൂരിഭാഗം വോട്ടര്‍മാരും നോണ്‍ മാപ്പിംഗ് വിഭാഗത്തില്‍, ഹിയറിങ് നാളെ മുതല്‍ ആരംഭിക്കും'; മന്ത്രി പി രാജീവ്
തിരുവനന്തപുരം:19,32,000 പേര്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നോണ്‍ മാപ്പിങ് വിഭാഗത്തിലാണെന്ന് മന്ത്രി പി രാജീവ്.
ഇവര്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഹിയറിങിന് ഹാജിയില്ലെങ്കില്‍ അവസാന പട്ടിക വരുമ്പോള്‍ പേര് ഉണ്ടാകില്ലെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയില്‍ 26,061 പേര്‍ നോണ്‍ മാപ്പിങ് വിഭാഗത്തിലാണ്. 4,642 പേര്‍ക്ക് മാത്രമേ ഹിയറിങ്ങിന് നോട്ടീസ് നല്‍കിയിട്ടുള്ളൂ. ഭൂരിഭാഗം പേര്‍ക്കും നോട്ടീസ് ലഭിച്ചിട്ടില്ല. നാളെ മുതല്‍ ഹിയറിങ് ആരംഭിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കാട്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. അക്കാര്യത്തെ ഗൗരവമായി കാണേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
2002ല്‍ നിരവധി പേര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് അമേരിക്ക ഉപേക്ഷിച്ച രീതിയാണ് ഇപ്പോള്‍ ഇവിടെ നടപ്പാക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും വോട്ടവകാശം ലഭിക്കേണ്ടതാണ്.
നോണ്‍ മാപ്പിങ് പട്ടിക ബിഎല്‍ ഒമാരുടെ കയ്യില്‍ മാത്രമാണുള്ളതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ പട്ടിക ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.