എസ്‌ഐആര്‍: ഹിയറിങ്ങിന് വരേണ്ടവരുടെ ലിസ്റ്റ് ബിഎല്‍ഒമാര്‍ക്ക് നല്‍കിത്തുടങ്ങി
തിരുവനന്തപുരം: എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ട ഹിയറിങ്ങിന് ഹാജരാകേണ്ടവരുടെ വിവരങ്ങള്‍ ബിഎല്‍ഒമാര്‍ക്ക് കൈമാറിത്തുടങ്ങി.
ഹാജരാകാന്‍ വ്യക്തികള്‍ക്ക് എപ്പോള്‍ മുതല്‍ നോട്ടീസ് നല്‍കണമെന്ന് നിര്‍ദേശമില്ല. മാപ്പിങ് പൂര്‍ത്തിയായില്ലെന്നാണ് കമ്മീഷന്‍ അറിയിക്കുന്നത്.
എന്യൂമറേഷന്‍ ഫോം തിരിച്ചുനല്‍കിയ എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക. ഇതില്‍ 2002ലെ വോട്ടര്‍ പട്ടികയുമായി മാപ്പിങ് ചെയ്യാനാവാത്ത എട്ട് ശതമാനം പേരുണ്ട്.
ഇവര്‍ക്ക് ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേകം നോട്ടീസ് നല്‍കി ഹിയറിങ്ങിനുള്ള അവസരം ഒരുക്കും. എന്നാല്‍ കരടുപട്ടിക പ്രസിദ്ധീകരിച്ച് മൂന്നാം ദിനവും നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ ബിഎല്‍ഒമാര്‍ക്ക് അവ്യക്തത തുടരുകയാണ്.
നിലവില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള മാപ്പ് ചെയ്യാത്തെ ആളുകളുടെ വിവരങ്ങള്‍ ബിഎല്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ അറിയിച്ചിട്ടില്ല. നേരത്തെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതേ മാതൃകയില്‍ മാപ്പിങ് ചെയ്യാത്തവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം.
പരമാവധി ആളുകള്‍ക്ക് നോട്ടീസ് നല്‍കാതെ മാപ്പിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനുശേഷം തുടര്‍നടപടിയിലേക്ക് കടക്കും എന്നാണ് കമ്മീഷന്‍ അറിയിക്കുന്നത്.
ഫെബ്രുവരി 14 വരെ ഹിയറിങ് നടപടികള്‍ ഉണ്ടാകും. അതേസമയം, കരടു പട്ടികള്‍ക്കും മേലുള്ള പരാതികളും ആക്ഷേപങ്ങളും കമ്മീഷന്‍ സ്വീകരിച്ചു തുടങ്ങി.
ഫോം 6 വഴി പുതിയ വോട്ടര്‍മാരായി ചേരാനുള്ള അപേക്ഷയാണ് ഇതുവരെ ലഭിച്ചതില്‍ കൂടുതലും.
ജനുവരി 22 വരെയാണ് കരടു പട്ടികക്കു മേല്‍ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള സമയം. ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.