ഹിജാബ് ധരിക്കാതെ പാട്ടുപാടിയ പ്രശസ്ത ഗായികയ്ക്ക് 74 ചാട്ടയടിയും രണ്ടു വര്‍ഷത്തെ കലാപരമായ വിലക്കും ശിക്ഷ വിധിച്ച് ഇറാന്‍
ഹിജാബ് ധരിക്കാതെ ഓണ്‍ലൈനില്‍ പാട്ടുപാടി പ്രകടനം നടത്തിയ പ്രശസ്ത ഇറാനിയന്‍ ഗായിക പരസ്തൂ അഹ്മദിക്ക് 74 ചാട്ടയടിയും രണ്ടു വര്‍ഷത്തെ കലാപരമായ വിലക്കും അടങ്ങുന്ന ശിക്ഷ ശരിവച്ച് കോടതി.
കലാ-സാംസ്‌കാരിക രംഗത്തുള്ളവര്‍ക്കെതിരെ ഇറാന്‍ ഭരണകൂടം നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്ത സംഗീതപരിപാടിയില്‍ ഹിജാബ് ധരിക്കാതെ ഗാനം ആലപിച്ചതിനാണ് പരസ്തൂ അഹ്മദിക്കും, ഒപ്പമുണ്ടായിരുന്ന സംഗീതജ്ഞരായ എഹ്‌സാന്‍ ബെയ്‌റഗ്ദാര്‍, സോഹീല്‍ ഫഗീഹ് നസിരി എന്നിവര്‍ക്കും മറ്റ് അഞ്ച് പ്രൊഡക്ഷന്‍ ടീം അംഗങ്ങള്‍ക്കും കോം പ്രവിശ്യയിലെ ക്രിമിനല്‍ കോടതി 74 ചാട്ടയടിയും രണ്ടു വര്‍ഷത്തെ യാത്രാവിലക്കും വിധിച്ചത്. ഈ ഉത്തരവാണ് അപ്പീല്‍ കോടതി ഇപ്പോള്‍ അന്തിമമായി ശരിവച്ചിരിക്കുന്നത്.
മറ്റൊരു സംഭവത്തില്‍ 'തെഹ്‌റാന്‍ പാരിസ് തെഹ്‌റാന്‍' എന്ന നാടകത്തില്‍ സഹോദരങ്ങളുടെ വേഷം ചെയ്ത നടന്‍ മെഹ്ദാദ് സെദിഗിയനും നടി ഫത്തേമെ മസൂദിഫറും തമ്മില്‍ സ്റ്റേജില്‍ വച്ച് ചെറിയ രീതിയില്‍ ആലിംഗനം ചെയ്തുവെന്നതിന്റെ പേരില്‍ പ്രൊഡക്ഷന്‍ കമ്പനിക്കെതിരെയും അധികൃതര്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് സാമൂഹിക മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണെന്നാണ് ഇറാനിയന്‍ ഭരണകൂടത്തിന്റെ വാദം.
സ്ത്രീകളുടെ വസ്ത്രധാരണത്തിലും പൊതുഇടങ്ങളിലെ പെരുമാറ്റത്തിലും കര്‍ശന ഇസ്ലാമിക നിയമങ്ങളാണ് ഇറാനില്‍ നടപ്പിലാക്കിവരുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി പൊതുധാര്‍മ്മികതയ്ക്ക് നിരക്കാത്തതും അശ്ലീലമെന്ന് മുദ്രകുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.