നന്‍മയുടെ സന്ദേശം പകര്‍ന്ന് ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ രജത ജൂബിലിക്ക് സമാപനം
കോട്ടയം: മലങ്കരസഭയുടെ ക്രിസ്തീയ ദൗത്യത്തില്‍ ആര്‍ദ്രയുടെ സേവനം മഹത്തരമാണെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.
മലങ്കരസഭയുടെ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ രജത ജൂബിലി സമാപന സമ്മേളനം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷന്‍.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം പെരുകുന്ന പുതിയ കാലത്ത് അശരണരായ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ആര്‍ദ്രയ്ക്ക് കഴിയട്ടെയെന്ന് ബാവ ആശംസിച്ചു.
ആര്‍ദ്ര പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ബെഞ്ചമിന്‍ കോശി മുഖ്യസന്ദേശം നല്‍കി. രജത ജൂബിലിയുടെ ഭാഗമായി ആര്‍ദ്രയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച ആറ് ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പഠനത്തില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള വിവിധ സ്‌ക്കോളര്‍ഷിപ്പുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ദേവലോകം അരമന മാനേജര്‍ യാക്കോബ് റമ്പാന്‍, ആര്‍ദ്ര സെക്രട്ടറി ജോസഫ് അലക്‌സാണ്ടര്‍, രജത ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ. കെ.വൈ വില്‍സണ്‍, ട്രഷറര്‍ റോയ് തോമസ് എന്നിവര്‍ സംസാരിച്ചു.