" നിശബ്ദതയും പുഞ്ചിരിയും രണ്ട് ശക്തമായ ഉപകരണങ്ങളാണ്. പുഞ്ചിരി, പ്രശ്നങ്ങൾ പരിഹരിക്കാനും മൗനം, പ്രശ്നങ്ങൾ ഒഴിവാക്കാനും

നമ്മുടെയൊക്കെ ജീവിതത്തിൽ മൗനം വാചാലമാകുന്ന അനേക സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.
ചില അവസരങ്ങളിൽ മൗനം പാലിക്കുന്നത് മധുരതരവും ആകാറുണ്ട്.
"മൗനം പോലും മധുരം" എന്ന ചലച്ചിത്ര ഗാനത്തിലൂടെ ശ്രീകുമാരൻ തമ്പി അത് ഓർമ്മിപ്പിക്കുമ്പോൾ, "വാചാലം എൻ മൗനവും നിൻ മൗനവും" എന്ന ചലച്ചിത്ര ഗാനത്തിലൂടെ എം ഡി രാജേന്ദ്രനും പറഞ്ഞ് വെച്ചു.
സാമൂഹ്യ ജീവിതത്തിൽ മനുഷ്യൻ പല സന്ദർഭങ്ങളിലും മൗനം പാലിച്ചാൽ അവിടെ സമാധാനം നിലനിൽക്കും.
മനസ്സിനെ വിഷമിപ്പിക്കുന്ന വാക്കുകൾക്ക് മറുപടി പറയാതെ മൗനം പാലിക്കുന്നവർ ശക്തരാണ്.
അവർ മിണ്ടാതിരിക്കുന്നത് അവരുടെ ബലഹീനതയായി കണക്കാക്കേണ്ടതില്ല.
അത് അവരുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതയും മൂലമാണ് എന്ന് മനസ്സിലാക്കുക.
അതുപോലെതന്നെയാണ് മനുഷ്യന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി. ഒരു ചിരിയിൽ പൂത്തു തളിർക്കുന്നത് ഒരു പക്ഷേ, കരിഞ്ഞുണങ്ങാൻ തുടങ്ങിയ ബന്ധങ്ങളായിരിക്കും.
ഭൂമിയിലെ ഹ്രസ്വകാല ജീവിതത്തിൽ മനുഷ്യത്വം ഇന്ന് തീരെ ഇല്ലാതെ വരുന്നത് ദുഃഖകരമായ അവസ്ഥയാണ്. എല്ലാ മേഖലകളിലും സ്വാർത്ഥ ചിത്തരായ മനുഷ്യരുടെ ഇടപെടലുകൾ ആണ് നടക്കുന്നത്.
തൻ കാര്യം നേടിയെടുക്കാൻ ആളുകളെ തമ്മിൽ പിണക്കുന്നതിൽ ഒരു കുറ്റബോധവും മനുഷ്യർക്ക് ഇല്ലാതായി
ഒട്ടുമിക്ക ആളുകളും വളരെ ഗൗരവത്തോടെയാണ് കാണപ്പെടുന്നത്.
നന്മ നിറഞ്ഞ മനസ്സുള്ളവർ കുറഞ്ഞു കുറഞ്ഞു വരികയാണല്ലോ. മനുഷ്യർ ഈ കാലത്ത് ചിരിക്കുന്നത് പോലും എ ഐയുടെ സഹായത്തോടെയാണ് എന്ന് സംശയം തോന്നാം.
അതുപോലെ മനുഷ്യൻ ചിരിക്കാൻ പിശുക്ക് കാട്ടുകയാണ്. ഒരു ചിരിയിൽ എല്ലാ പ്രശ്നങ്ങളും തീരുമെങ്കിൽ ചുമ്മാ ചിരിക്കുക. അതുപോലെ കൂടുതൽ സംസാരിച്ച് പ്രശ്നങ്ങൾ ഗുരുതരമാകാതിരിക്കാൻ നിശബ്ദത പാലിക്കുക.
സുഭാഷ്